ഓണത്തിനോടനുബന്ധിച്ചുള്ള സൗജന്യ കിറ്റ് വിതരണത്തിന് സംസ്ഥാനത്ത് തുടക്കമായി. എഎവൈ കാർഡുടമകൾ, ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾ, എന്നിവർക്കൊപ്പം വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും സൗജന്യ ഓണകിറ്റ് ലഭിക്കും. 14 ഇന സാധനങ്ങളാണ് ഇത്തവണ കിറ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.
ഇന്നുമുതൽ നാലുദിവസം കൊണ്ട് റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണകിറ്റ് വിതരണം പൂർത്തിയാക്കാൻ കഴിയും. സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എഎവൈ കാർഡുടമകൾ, വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻപിഐ കാർഡുടമകൾ, എന്നിവർക്കൊപ്പം വയനാട് ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും സൗജന്യ ഓണ കിറ്റ് ലഭിക്കും. മന്ത്രി ജിആർ അനിൽ സൗജന്യ ഓണക്കിറ്റ് വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.
തുണിസഞ്ചി അടക്കം 14 ഇന സാധനങ്ങൾ ഉൾപ്പെട്ടതാണ് ഓണകിറ്റ്. സൗജന്യ ഓണക്കിറ്റിന് പുറമേ, പൊതു വിപണിയിലെ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ സര്‍ക്കാരിന്റെ ഓണച്ചന്തകളിലുടെയും, ഔട്ട്ലെറ്റുകളിലുടെയും സാധനങ്ങൾ വിപണനം ചെയ്യുന്നുണ്ട്. പൊതു വിപണിയിൽ സാധനങ്ങൾക്ക് വില കുതിച്ചുയരുമ്പോൾ സർക്കാറിൻ്റെ വിപണിയിടപ്പെടൽ ജനങ്ങൾക്ക് വലിയ അശ്വാസമാവുകയാണ്.