അധികം ആരും ചർച്ചചെയ്യപ്പെടാത്ത ഒരു പ്രശ്നമാണ് ഹാഷിമോട്ടോ തൈറോഡൈറ്റിസ്. തൈറോയ്ഡിന്റെ കാര്യത്തിൽ ഭൂരിഭാഗം ആളുകൾക്കും അറിയാവുന്നത് ഹൈപ്പോതൈറോയിഡിസം, ഹൈപ്പര്‍ തൈറോയ്ഡിസം എന്നീ രണ്ട് തൈറോയ്ഡ് അവസ്ഥകളെ പറ്റി മാത്രമാണ്. സാധാരണ രീതിയിലുള്ള ഹൈപ്പോതൈറോയിഡിസമാണ് കൂടുതലായി കണ്ടുവരുന്നത്. എന്നാൽ ഈ ഹൈപ്പോ തൈറോയ്ഡിസത്തിനെക്കാളും വളരെ കൂടുതലായി കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഹാഷിമോട്ടോ തൈറോഡൈറ്റിസ്.
സ്വയംപ്രതിരോധ ശേഷിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഹാഷിമോട്ടോസ് ഡിസീസിലേക്ക് നയിക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥി ഒരു അന്യവസ്തുവാണെന്ന് തെറ്റിദ്ധരിച്ച്. ശരീരം തന്നെ അതിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ഉത്പാദിപ്പിക്കുന്ന അവസ്ഥയാണിത്. ഇതുമൂലം തൈറോയ്ഡ് കോശങ്ങൾ നശിക്കുകയും കാലക്രമേണ തൈറോയ്ഡിന്റെ പ്രവർത്തനം കുറഞ്ഞു വരുകയും ചെയ്യുന്നു. ചിലർക്ക് ഈ അവസ്ഥയിൽ തൈറോയിഡ് ഗ്രന്ഥി വികസിച്ച് തൊണ്ടമുഴ ആകാനും സാധ്യതയുണ്ട്. സ്ത്രീകൾക്ക് ഈ രോഗം വരാൻ പുരുഷൻമാരേക്കാൾ ഏഴുമടങ്ങ് സാധ്യത കൂടുതലാണ്. അതിനാൽ തന്നെ ഹൈപ്പോ തൈറോയ്ഡിസം ഉള്ള ആളുകൾ നിർബന്ധമായും ആന്റി ബോഡി പരിശോധനയും നടത്തണം. T3, T4, TSH, anti- TG, anti- TPO, FT3, FT4, TSI ഇത്രയധികം വിശദമായ പരിശോധനകൾ തൈറോയ്ഡിന് ഉണ്ട്.
ഹാഷിമോട്ടോസിന് മാത്രമായി ലക്ഷണങ്ങളില്ല. ഹൈപ്പോ തൈറോയ്ഡിന്റെ ലക്ഷണങ്ങളായ മുടി കൊഴിയുക, ക്ഷീണം, ശരീരഭാരം കൂടുക, മലബന്ധം, വിഷാദം, സന്ധിവേദന തുടങ്ങിയവയാണ് ഇതിന്റെയും ലക്ഷണങ്ങൾ.
ശരീരത്തിന് ആവശ്യമായ തൈറോയ്ഡ് ഹോർമോൺ ശരിയായി ഉത്പാദിപ്പിക്കുന്നില്ലെങ്കിൽ കൂടുതൽ കാലം മരുന്ന് കഴിക്കേണ്ടതായി വരും. കൃത്യമായ പരിശോധനയിലൂടെ തൈറോയ്ഡിന്റെ പ്രവർത്തനം വിലയിരുത്തി അതിനനുസരിച്ച് മാത്രം മരുന്നിന്റെ ഡോസിൽ വ്യത്യാസം വരുത്താം. ചികിൽസിക്കാതിരുന്നാൽ ഹാഷിമോട്ടോസ് ഗുരുതരാവസ്ഥയിലാകും. വിളർച്ച, വർധിച്ച കൊളസ്‌ട്രോൾ, വന്ധ്യത, വിഷാദം, മനോവിഭ്രമം, ഹൃദ്രോഗങ്ങൾ എന്നിവയ്ക്കും ഹാഷിമോട്ടോസ് കാരണമാകുന്നു. ഗർഭിണികളിലെ ഹാഷിമോട്ടോസ് കുഞ്ഞിനെയും ബാധിക്കും. അതിനാൽ തൈറോയിഡ് പ്രശ്നങ്ങളുള്ളവർ നിരന്തരം തൈറോയിഡ് നീരീക്ഷിക്കണം.
STORY HIGHLIGHT: Hashimoto’s thyroiditis