മെഡിസെപ്പ് പദ്ധതിയില്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 1485 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങള്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായാണ് സൗജന്യ കിടത്തി ചികിത്സ ഇത്രയും തുകയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കിയത്. ഇതില്‍ 1341.12 കോടി രൂപയും സ്വകാര്യ ആശുപത്രികളിലെ ചികിത്സകള്‍ക്കായാണ് നല്‍കിയത്. 87.15 കോടി രൂപ സര്‍ക്കാര്‍ ആശുപത്രകളിലെ ചികിത്സയ്ക്കും നല്‍കി. 56.29 കോടി രൂപ അതീവ ഗുരുതര രോഗങ്ങള്‍, അവയവമാറ്റ ശസ്ത്രക്രീയകള്‍ എന്നിവയ്ക്കായുള്ള പ്രത്യേക നിധിയില്‍നിന്നാണ് അനുവദിച്ചത്.
വാഹനാപകടം, പക്ഷാഘാതം, ഹൃദയാഘാതം ഉള്‍പ്പെടെ അടിയന്തിര സാഹചര്യങ്ങളില്‍ പാനല്‍ ചെയ്തിട്ടില്ലാത്ത ആശുപത്രികളില്‍ ചികിത്സ തേടിയതിന് നാലു കോടി രൂപയും ഇന്‍ഷ്വറന്‍സ് കമ്പനി നല്‍കി. 2022 ജൂലൈ ഒന്നിന് ആരംഭിച്ച പദ്ധതിയില്‍ കഴിഞ്ഞ ആഗസ്ത് 31 വരെ 2,87,489 പേര്‍ക്കാണ് ചികിത്സ ഉറപ്പാക്കിയത്. സംസ്ഥാനത്തിന് പുറത്തു ചികിത്സ തേടിയ 3274 പേരും ഇതില്‍ ഉള്‍പ്പെടുന്നു. 1,57,768 ജീവനക്കാരും, 1,29,721 പെന്‍ഷന്‍കാരുമാണ് മെഡിസെപ്പ് ചികിത്സാ സൗകര്യം ഉപയോഗപ്പെടുത്തിയത്. ഇവരുടെ 7.20 ലക്ഷം കിടത്തിചികിത്സയുടെ ബില്ലുകള്‍ മെഡിസെപ്പില്‍നിന്ന് നല്‍കി. ഇരുക്കൂട്ടരും ഏതാണ്ട് തുല്യമായ നിലയില്‍തന്നെ പദ്ധതി പരിരക്ഷ തേടുന്നു.
1920 മെഡിക്കല്‍, സര്‍ജിക്കല്‍ ചികിത്സാ രീതികള്‍ പദ്ധതിയില്‍ സൗജന്യമായി നല്‍കുന്നു. 12 അവയവമാറ്റ ശസ്ത്രക്രിയകളും സൗജന്യമാണ്. അതിനായി 553 ആശുപത്രികളെയാണ് എംപാനല്‍ ചെയ്തിട്ടുള്ളത്. 408 സ്വകാര്യ ആശുപത്രികളാണ് ഈ പട്ടികയിലുള്ളത്. മുട്ടു മാറ്റല്‍ ശസ്ത്രക്രീയ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്തേണ്ടത്. ബാക്കി എല്ലാ ചികിത്സാ രീതികള്‍ക്കും കാര്‍ഡ് ഉടമകള്‍ക്ക് താല്‍പര്യമുള്ള എംപാനല്‍ ചെയ്ത ആശുപത്രികളെ സമീപിക്കാനാകുന്നു. ഒരുവിധ മെഡിക്കല്‍ പരിശോധനയും കൂടാതെ അംഗത്വം നല്‍കുന്നുവെന്നതാണ് പദ്ധതി പ്രത്യേകത. കാര്‍ഡ് ഉടമകളുടെ ആശ്രിതര്‍ക്ക് വൈദ്യ പരിശോധന ആവശ്യമില്ല. നിലവിലുള്ള രോഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നു. എല്ലാ പ്രായക്കാര്‍ക്കും ഒരേ പ്രിമിയം തന്നെയാണ് ഈടാക്കുന്നത്.
കുറഞ്ഞ വാര്‍ഷിക പ്രിമിയ തുക, അതും മാസത്തവണകളായി മാത്രം ഈടാക്കുന്നവെന്നതും മെഡിസെപ്പിനു മാത്രമുള്ള പ്രത്യേകതയാണ്. തിമിരം, പ്രസവം, ഡയാലിസിസ്,കീമോതെറാപ്പി തുടങ്ങീ അവയവമാറ്റ ചികില്‍സകള്‍ക്ക് ഉള്‍പ്പെടെ പരിരക്ഷയുണ്ട്. മെഡിസെപ്പ് കേരളം സൃഷ്ടിച്ച മറ്റൊരു ലോക മാതൃകയാണെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ചികിത്സ തേടുന്ന ഗുണഭോക്താക്കളുടെ എണ്ണത്തിലെ വര്‍ദ്ധനവ്, സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെയും സജീവ സാന്നിദ്ധ്യം, അവരുടെ പങ്കാളിത്ത മേന്മയില്‍ പദ്ധതിയില്‍ ഇന്‍ഷ്വര്‍ ചെയ്യപ്പെട്ട നിരവധി ജീവനുകള്‍ക്ക് ലഭ്യമായ മെച്ചപ്പെട്ട ചികിത്സാ സൗകര്യം എന്നിവ മെഡിസെപ്പിന്റെ മുഖമുദ്രയാണെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
ഗുണഭോക്തൃ സൗഹൃദം
? 24 മണിക്കൂറും ലഭ്യമാകുന്ന ‘കാള്‍ സെന്ററു’കളുടെ ടോള്‍ ഫ്രീ നമ്പറുകള്‍
? ഇന്‍ഷ്വറന്‍സ് കമ്പനി, സര്‍ക്കാര്‍ തലങ്ങളില്‍ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം
? മെഡിസെപ് സംബന്ധമായ എല്ലാ വിവരങ്ങളും ലഭ്യമാകുന്ന മെഡിസെപ് വെബ് പോര്‍ട്ടല്‍ https://www.medisep.kerala.gov.in/
? വിരല്‍ തുമ്പില്‍ സേവനം ലഭ്യമാകുന്ന മൊബൈല്‍ ആപ്പ് ‘MEDAPP’
? ആശുപത്രികള്‍ക്കും ഗുണഭോക്താക്കള്‍ക്കു ഒരു പോലെ സൗകര്യ പ്രദമായി ഉപയോഗിക്കുവാന്‍ കഴിയുന്ന മെഡിസെപ് ഹാന്‍ഡ് ബുക്ക്
പത്തുലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അംഗങ്ങളാവുന്ന മെഡിസെപ്പ് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭിക്കുന്നത് മുപ്പത് ലക്ഷത്തോളം ആളുകള്‍ക്കാണ്. ഇടത്തരം മധ്യ വരുമാനക്കാരുടെ വിഭാഗത്തിന് കുറഞ്ഞ പ്രീമിയത്തില്‍ മികച്ച ചികിത്സ ലഭ്യമാക്കുക എന്നതാണ് മെഡിസെപ്പിന്റെ ലക്ഷ്യം. കേരള സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താന്‍ പദ്ധതിയിലൂടെ സാധിക്കുമെന്നതായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി മുഖേനെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നേരത്തെ ജീവനക്കാര്‍ക്ക് മെഡിക്കല്‍ റീഇംപേഴ്സ്മെന്റ് സംവിധാനമാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍ പണം ലഭിക്കാനുള്ള കാലതാമസമുള്‍പ്പടെ വലിയ ആക്ഷേപങ്ങള്‍ ഇതിനെതിരെ ഉണ്ടായി.
വര്‍ഷങ്ങള്‍ തന്നെ കഴിഞ്ഞാണ് പല ബില്ലുകളും പാസായിരുന്നത്. ജീവിത സായാഹ്നത്തിലെത്തിയ പെന്‍ഷന്‍കാര്‍ക്ക് നല്‍കിയിരുന്ന മെഡിക്കല്‍ അലവന്‍സാകട്ടെ ഒരു തവണ ഡോക്ടറെ കാണാന്‍ പോലും തികയുന്നതായിരുന്നില്ല. ഈ പരിമിതികളെല്ലാം പരിഹരിക്കുന്നതാണ് മെഡിസെപ്പ് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ജീവനക്കാരുമായും പെന്‍ഷന്‍കാരുമായും വിപുലമായ ചര്‍ച്ചകള്‍ നടത്തി തുടക്കത്തിലുണ്ടായ ആക്ഷേപങ്ങളെല്ലാം പരിഹരിച്ച ശേഷമുള്ള പദ്ധതിയാണ് നടപ്പാക്കിയത്. ഇടതുപക്ഷ സര്‍ക്കാര്‍ അവരുടെ ഭരണനേട്ടങ്ങളില്‍ ഒന്നായി ഉയര്‍ത്തിക്കാണിക്കുന്നത് കൂടിയാണ് ഈ പദ്ധതി.
അതേസമയം പദ്ധതിക്കെതിരെ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ രംഗത്തുണ്ട്. ജീവനക്കാരില്‍ നിന്ന് പണം ഈടാക്കി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ലാഭം നേടാനുള്ള അവസരമാണ് സര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്നാണ് എന്‍.ജി.ഒ അസോസിയേഷന്‍ ഉയര്‍ത്തിയിരുന്ന ആരോപണം.
പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടുത്തണമെന്നും ഒ.പി ചികിത്സകള്‍ക്കും പരിരക്ഷ ഏര്‍പ്പെടുത്തണമെന്നും പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ ആശുപത്രികള്‍ ഉള്‍പ്പെടുത്തണമെന്നും പരാതിപരിഹാരം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് എന്‍.ജി.ഒ യൂണിയനും ആവശ്യപ്പെടുന്നെങ്കിലും അതുണ്ടായില്ലെന്ന കുറ്റപ്പെടുത്തലുകള്‍ക്കിടയിലാണ് സര്‍ക്കാര്‍ ഈ നേട്ടം ഉയര്‍ത്തിക്കാട്ടുന്നത്.
ഗുണഭോക്താക്കള്‍
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, പാര്‍ട്ട് ടൈം അധ്യാപകര്‍, എയ്ഡഡ് സ്‌കൂളുകളിലേതുള്‍പ്പടെയുള്ള അധ്യാപക അനധ്യാപക ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും അവരുടെ ആശ്രിതരും സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍/പെന്‍ഷന്‍കാര്‍/ കുടുംബപെന്‍ഷന്‍കാര്‍ എന്നിവരും മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കര്‍ ഡെപ്യൂട്ടി സ്പീക്കര്‍, ധനകാര്യ കമ്മറ്റികളുടെ ചെയര്‍മാന്‍മാര്‍ എന്നിവരുടെ നേരിട്ട് നിയമിതരായ പെഴ്സണല്‍ സ്റ്റാഫ്, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും അവരുടെ ആശ്രിതരുമാണ് മെഡിസെപ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
CONTENT HIGHLIGHTS; 1485 crore free treatment secured through Medizep in two and a half years