ഓണത്തോടനുബന്ധിച്ച് വിവിധ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിച്ച് ധനവകുപ്പ് പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഓണം ഉത്സവബത്തയായി 1000 രുപവീതം ലഭിക്കും. ഇതിനായി 56.91 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം100 പ്രവര്‍ത്തിദിനം പൂര്‍ത്തിയാക്കിയ 5.69 ലക്ഷം തൊഴിലാളികള്‍ക്കാണ് ഉത്സവബത്ത അനുവദിച്ചത്. അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് 1000 രൂപവീതം ഉത്സവബത്ത അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 5929 തൊഴിലാളികള്‍ക്കാണ് ബത്ത ലഭിക്കുന്നത്.
സര്‍ക്കാര്‍, സഹകരണ കയര്‍ ഉല്‍പന്ന സ്ഥാപനങ്ങള്‍ക്ക് വിപണി വികസന ഗ്രാന്റിനത്തില്‍ 10 കോടി രൂപ അനുവദിച്ചു. കയര്‍ മാറ്റ്സ് ആന്‍ഡ് മാറ്റിങ്സ് സംഘങ്ങള്‍, ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ്, സംസ്ഥാന കയര്‍ കോര്‍പറേഷന്‍, കയര്‍ഫെഡ് എന്നിവയ്ക്കാണ് തുക അനുവദിച്ചത്. ഇവയുടെ തൊഴിലാളികള്‍ക്ക് ഓണക്കാല ആനുകൂല്യങ്ങള്‍ ഉറപ്പാക്കാന്‍ ഗ്രാന്റ് സഹായിക്കും. വിപണി വികസനത്തിന് കേന്ദ സര്‍ക്കാര്‍ സഹായം ആറുവര്‍ഷമായി മുടങ്ങിയ സാഹചര്യത്തിലാണ് സംസ്ഥാനം ഓണക്കാല സഹായം ഉറപ്പാക്കുന്നത്.
പൂട്ടികിടക്കുന്ന സ്വകാര്യ കയര്‍ വ്യവസായ സഹകരണ സംഘങ്ങളിലെ തൊഴിലാളികള്‍ക്ക് 2000 രൂപവീതം എക്സ്ഗ്രേഷ്യ അനുവദിച്ചു. 10,732 തൊഴിലാളികള്‍ക്ക് സഹായം ലഭിക്കും. 100 ക്വിന്റലിന് താഴെ കയര്‍ പിരിച്ചിരുന്ന പുട്ടിപ്പോയ സംഘങ്ങളിലെ തൊഴിലാളികള്‍ക്കാണ് ഓണക്കാല സഹായത്തിന് അര്‍ഹത. ഇതിനായി 2.15 കോടി രൂപ അനുവദിച്ചു. ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ക്ക് പ്രതിഫലം നല്‍കാനായി 19.81 കോടി രുപ അനുവദിച്ചു. ഒമ്പതിനായിരത്തോളം ഏജന്റുമാര്‍ക്കാണ് ഒരു ഗഡു പ്രതിഫലം ലഭിക്കുന്നത്.
പരമ്പരാഗത കയര്‍ ഉല്‍പന്നങ്ങള്‍ ശേഖരിച്ചതിന്റെ വില വിതരണം ചെയ്യാനായി സംസ്ഥാന കയര്‍ കോര്‍പറേഷന് സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചു. ചെറുകിട കയര്‍ സംഘങ്ങളില്‍നിന്ന് ശേഖരിച്ച പരമ്പരാഗത ഉല്‍പന്നങ്ങളുടെ വില നല്‍കാന്‍ തുക വിനിയോഗിക്കും. ചെറുകിട സംഘങ്ങളുടെ ബോണസ് വിതരണത്തിന് ഇത് സഹായമാകും. ഓണത്തോടനുബന്ധിച്ച് കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിക്കായി 30 കോടി രൂപ അനുവദിച്ചു. സര്‍ക്കാര്‍, എയഡഡ് പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം നെയ്തു നല്‍കിയ കൈത്തറി തൊഴിലാളികള്‍ക്ക് കൂലി വിതരണത്തിനായാണ് തുക ലഭ്യമാക്കിയത്. അങ്കണവാടി സേവന പദ്ധതികള്‍ക്കായി 87.13 കോടി രുപ അനുവദിച്ചു. പൊതു, പട്ടിക വിഭാഗ സേവനങ്ങള്‍ക്കായാണ് തുക ലഭ്യമാക്കിയത്.
CONTENT HIGHLIGHTS; 87.13 crores for Anganwadi service projects: Finance department allots benefits to various sections to celebrate Onam