ചരിത്രത്തിൽ താൽപര്യം ഉള്ള, സഞ്ചാരം ഇഷ്ടപ്പെടുന്ന ഏതൊരാളും ജീവിതത്തിൽ ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ട വിസ്മയ ലോകം ആണ് ഹംബി. AD 13-15 നൂറ്റാണ്ടുകളിൽ, ലോകത്തിലെ തന്നെ പേര് കേട്ട വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനം ആയിരുന്നു ഹംപി. കൂടാതെ ഹനുമാൻ്റെയും ബാലി സുഗ്രീവന്മാരുടെയും വാനര സാമ്രാജ്യമായ കിഷ്‌ക്കിന്ധയും അവിടെ അടുത്തു തന്നെ കരിങ്കല്ലിലും, തേക്കിലും, ചന്ദന മരത്തിലും, ചൂളക്കിട്ട ഇഷ്ടികയിലും പണിത അമ്പലങ്ങളും കൊട്ടാരങ്ങളും എല്ലാം, ആ കാലത്ത് സ്വർണവും വെള്ളിയും രത്നങ്ങളും പട്ടു തുണികളും ഒക്കെ കൊണ്ട് അലങ്കരിച്ച അൽഭുത ലോകം ആയിരുന്നു. ലോക സഞ്ചാരികളും ദൂരദേശവ്യാപാരികളും ആവോളം പുകഴ്ത്തിയ ആ നിർമിതികളിൽ ഇന്ന് കരിങ്കൽ മാത്രം ആണ് ബാക്കിയായി ഉള്ളത്. 1565 ലെ തളിക്കോട്ട യുദ്ധത്തിൽ, ബീജാപൂർ, അഹമദ് നഗർ, ഗോൽക്കൊണ്ട സുൽത്താൻമാരുടെ സംയുക്തസൈന്യം ഹംപി കൊള്ള ചെയ്തും കൊള്ളിവച്ചും നശിപ്പിക്കുക ഉണ്ടായി. കൊട്ടാരങ്ങളും ക്ഷേത്രങ്ങളും അഗ്നിക്കിരയായി. പിന്നെയും നൂറോളം വർഷങ്ങൾ നിലനിന്ന സാമ്രാജ്യം പതിയെ മണ്ണടിഞ്ഞു പോയി.
എല്ലാം തകർന്ന് നാനൂറിൽ പരം വർഷങ്ങളായിട്ടും സമ്പൽ സമൃദ്ധിയുടെ ആ അവശേഷിപ്പുകൾ കണ്ടാൽ ഇപ്പോഴും അൽഭുതം കൊണ്ട് ആരും അമ്പരന്നു പോകും അത്രത്തോളം ദൃശ്യ വിസ്മയമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
കിലോമീറ്ററുകൾ നീളുന്ന വ്യാപാര സമുച്ചയങ്ങൾ, എണ്ണമറ്റ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ച തൂണുകളും, മച്ചുകളും, ഗോപുരങ്ങളും, മുഖപ്പുകളും, കലാ പരിപാടികൾ അരങ്ങേറിയിരുന്ന കൽമണ്ഡപങ്ങൾ, കൊട്ടാരത്തിലേക്ക് വെള്ളം എത്തിക്കാൻ കുഴിച്ച കമലാപുര തടാകം, അതിൽ നിന്നും വെള്ളം കൊണ്ട് വരുന്ന കരിങ്കൽ പൈപ്പുകൾ, തട്ടിയാൽ സംഗീതം പൊഴിക്കുന്ന കൽ തൂണുകൾ, ഒറ്റക്കല്ലിൽ കൊത്തിയ പടുകൂറ്റൻ വിഗ്രഹങ്ങൾ, എന്നിങ്ങനെ കാഴ്ചകൾ നിരവധിയാണ്.
പതിനാറാം നൂറ്റാണ്ടിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ, ഏറ്റവും സമൃദ്ധമായ രണ്ടാമത്തെ നഗരം ആയിരുന്നു ഹംപി. നൂറു കണക്കിന് അമ്പലങ്ങൾ ഉണ്ടെങ്കിലും ഹംപിയിൽ ആരാധന നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് വിരൂപാക്ഷ ക്ഷേത്രം, ചിലയിടത്തു ശ്രീകോവിലിൽ വിഗ്രഹം പോലുമില്ല, എന്നാൽ പ്രതാപ കാലത്ത്, സ്വർണവും രത്നങ്ങളും കൊണ്ട് അലങ്കരിച്ച വിഗ്രഹങ്ങളുടെ ഉള്ളിൽ പോലും രത്നങ്ങൾ നിറച്ചിരുന്നു. അത് കിട്ടാൻ വേണ്ടി അധിനിവേശക്കാർ മിക്ക വിഗഹങ്ങളും ഉടച്ചു നോക്കി. ഉടഞ്ഞ വിഗ്രഹങ്ങൾ ആരാധനക്ക് വർജ്ജ്യമായതിനാലും, സാമ്രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥ തകർന്നതിനാലും ക്ഷേത്രങ്ങൾ ഉപേക്ഷിക്കപ്പെട്ടു. ക്വീൻസ് ബാത്ത് എന്നറിയപ്പെടുന്ന റാണിമാരുടെ “സ്പാ ” അല്പം മുഗൾ ടച്ച് ഉള്ള നിർമിതിയാണ്. ഏക്കർ കണക്കിന് പടർന്നു കിടന്നിരുന്ന കൊട്ടാരത്തിൽ ബാക്കിയായത് രാജസഭയുടെ ഭാഗമായ സ്റ്റേജ് , യുദ്ധ തന്ത്രങ്ങൾ മെനഞ്ഞിരുന്ന ഭൂഗർഭ അറ, മനോഹരമായി വെട്ടിയൊരുക്കിയ കൽപടവുകളുള്ള കുളം എന്നിങ്ങനെ ചിലതു മാത്രം. രാജ്ഞിമാരുടെ കൊട്ടാരങ്ങളും ഖജാനയും നിന്നിരുന്ന സെനാന, ലോട്ടസ് മഹൽ രാമായണ കഥ മുഴുവൻ ചുമരിൽ കൊത്തി വച്ചിട്ടുള്ള ഹസാര രാമ ക്ഷേത്രം, ആനക്കോട്ട, എന്നിങ്ങനെ എണ്ണിയാൽ തീരാത്ത നിർമിതികൾ പിന്നെയും ഉണ്ടായിരുന്നു കണ്ടു തീർക്കാൻ.
Story Highlights ; Hampi beauty