മസ്കത്ത് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ഈ വർഷമെത്തുന്നത് ആറ് പുതിയ അന്താരാഷ്ട്ര എയർലൈനുകൾ. അതിൽ നാല് കമ്പനികൾ അവരുടെ ഫ്ളൈറ്റുകൾ സർവീസ് ആരംഭിച്ചു. രണ്ടെണ്ണം ഈ വർഷം ആരംഭിക്കും. ഒമാൻ എയർപോർട്ട് സിഇഒ ഷെയ്ഖ് ഐമെൻ ബിൻ അഹമ്മദ് അൽ ഹുസ്നിയാണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്പിൽ നിന്നുള്ള രണ്ടെണ്ണം ഉൾപ്പെടെ 2023ൽ അഞ്ച് പുതിയ എയർലൈനുകളെത്തിയിരുന്നു.
അതേസമയം, യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാൻ ഒമാൻ എയർപോർട്ടുകൾ ശ്രമിച്ചുവരികയാണ്. ദേശീയ വിമാനക്കമ്പനികളിലൂടെയും മറ്റ് എയർലൈനുകൾ വഴിയും പുതിയ വിപണികൾ കണ്ടെത്താനും നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാൻ കഴിയുന്ന സ്ഥലങ്ങൾ നിർണയിക്കാനുമുള്ള പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഒമാൻ എയർപോർട്ട് സിഇഒ സ്ഥിരീകരിച്ചു.
ഒമാനിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ പൈതൃക, ടൂറിസം മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഫലമായി യൂറോപ്പിൽ നിന്ന് കൂടുതൽ വിനോദസഞ്ചാരികൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു. 2023ലെത്തിയ 500,000 യൂറോപ്യൻ വിനോദസഞ്ചാരികളേക്കാൾ കൂടുതൽ പേർ 2024ൽ എത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. വരും കാലയളവിൽ പുതിയ വിപണികൾ കണ്ടെത്താൻ കമ്പനി പൈതൃക, ടൂറിസം മന്ത്രാലയവുമായും ഒമാനിലെയും വിദേശത്തെയും ടൂറിസം കമ്പനികളുമായും സഹകരിക്കുന്നുണ്ടെന്നും ഒമാൻ എയർപോർട്ട് സിഇഒ കൂട്ടിച്ചേർത്തു.
80 ലധികം പ്രാദേശിക, അന്തർദേശീയ ലക്ഷ്യസ്ഥാനങ്ങളുമായി ഒമാനെ ബന്ധിപ്പിക്കുന്ന മസ്‌കത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ സർവീസ് നടത്തുന്ന എയർലൈനുകളുടെ എണ്ണം 36 ആയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.