ഖത്തറിൽ പക്ഷിവേട്ട സീസണിന് തുടക്കം. സെപ്തംബർ ഒന്നിന് തുടങ്ങിയ സീസൺ ഫെബ്രുവരി 15 വരെ തുടരും. അറബികളുടെ പ്രധാന വിനോദങ്ങളിലൊന്നാണ് പക്ഷിവേട്ട. അധികൃതരുടെ അനുമതിയോടെയും, കർശനമായ നിയന്ത്രണങ്ങളോടെയുമാണ് ഈ പക്ഷി വേട്ട നടക്കുക. മരുഭൂമിയിൽ തണുപ്പുകാലമെത്തുന്നതോടെയാണ് ദേശാടനപ്പക്ഷികൾ എത്തുന്നത്. ഫെബ്രുവരി 15 വരെ ഇങ്ങനെയെത്തുന്ന പക്ഷികളെയും മറ്റും വേട്ടയാടാൻ അനുമതിയുണ്ട്. വേട്ടയാടപ്പെടുന്ന പക്ഷികളിലും, വേട്ടയാടുന്ന രീതികളിലുമുണ്ട് നിർദേശങ്ങൾ. ഇവ ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടിയും സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകുന്നു. ദേശാടന കിളികളെ ആകർഷിക്കുന്നതിനൊപ്പം, സംരക്ഷണവും നൽകുന്നതിന്റെ ഭാഗമായാണ് വേട്ടയാടുന്ന പക്ഷികളെ തരംതിരിച്ച് മന്ത്രാലയം നിർദേശം നൽകുന്നത്.
സ്വദേശികൾ ഏറെയും വേട്ടയാടുന്ന പ്രധന പക്ഷിയാണ് ഹുബാറ എന്ന ഏഷ്യൻ ബസ്റ്റാഡ്. ഫാൽകൺ പക്ഷിയെ പറത്തിവിട്ടാണ് ഹുബാറയെ വേട്ടയാടി പിടിക്കുന്നത്. മറ്റു മാർഗങ്ങളിലൂടെ ഹുബാറയെ പിടികൂടുന്നതിന് കർശനമായ വിലക്കുണ്ട്. പാരമ്പര്യേതര മാർഗങ്ങൾ, ഇലക്ട്രോണിക്-ഇലക്ട്രിക് ഉപകരണങ്ങൾ, പക്ഷിയുടെ ശബ്ദം പുറപ്പെടുവിക്കുന്ന ബേർഡ് കോളർ തുടങ്ങിയവയുടെ ഉപയോഗിച്ചുള്ള വേട്ടയ്ക്ക് പൂർണമായും നിരോധനമുണ്ട്.
അൽ ഹുബാറ പക്ഷികൾ, യൂറോഷ്യൻ ഗോൾഡൻ ഒറിയോൾ (മഞ്ഞക്കിളി), മരുപ്പക്ഷി എന്നറിയപ്പെടുന്ന ഡെസേർട്ട് വീറ്റർ, ക്രെസ്റ്റഡ് ലാർക്, നെന്മണികുരുവി എന്നറിയപ്പെട്ടുന്ന ഇസബെല്ലൻ വീറ്റ്ഇയർ, യൂറോഷ്യൻ സ്റ്റോൺ-കർല്യൂ (അൽ കർവൻ) തുടങ്ങി പത്തോളം പക്ഷികളാണ് വേട്ടയാടാൻ അനുമതിയുള്ള പട്ടികയിലുള്ളത്. നാച്ചുറൽ റിസർവ്, പൊതു പാർക്കുകൾ, പൂന്തോട്ടങ്ങൾ, നഗരപരിധികൾ എന്നിവക്കുള്ളിൽ പക്ഷി വേട്ടപാടില്ല. കാട്ടുമുയൽ, ഒട്ടകപ്പക്ഷി, ചെറുമാൻ. ഹണി ബാഡ്ജർ കരടി, മരുഭൂമിയിൽ കണപ്പെടുന്ന പ്രത്യേക ഇനം എലിയായ ജെർബോ, മുള്ളൻപന്നി, കുരുവി വിഭാഗത്തിൽ പെട്ട ഷിർകെ തുടങ്ങിയ ഏതാനും ഇനങ്ങളുടെ വേട്ടക്കും കർശന വിലക്കുണ്ട്.