ചവിട്ടുപടികൾ കയറിച്ചെന്നപ്പോൾ കാണുന്ന വലിയ പാറയേയും, അതു തുരന്ന് നിർമ്മിച്ച വലിയ ക്ഷേത്രത്തെയും കാണാം. ഈ ക്ഷേത്രത്തിൽ മണിയടിയൊന്നും ഇല്ല. മന്ത്രോച്ചാരണമില്ല, നീണ്ടുനിൽക്കുന്ന പൂജയില്ല, ആഘോഷങ്ങളില്ല, ആൾക്കൂട്ടങ്ങളും ഇല്ല..മലൈകോവിൽ എന്നു വിളിക്കുന്ന ഈ ജൈനക്ഷേത്രം വിക്രമാദിത്യവരഗുണനെന്ന രാജാവിന്റെ കാലത്ത് പണികഴിക്കപ്പെട്ടുവെന്ന് ആണ് പറയപ്പെടുന്നത്. ഒൻപതാം നൂറ്റാണ്ടോളം പഴക്കമുള്ള ഈ സ്മാരകങ്ങൾ ദക്ഷിണേന്ത്യയിലെ സമ്പന്നമായ ഒരു ജൈന പൈതൃകത്തിന്റെ സാക്ഷ്യപത്രമാണ് എന്നു തന്നെ പറയണം . ആദ്യകാലത്ത് ക്ഷേത്രം ജൈന സന്യാസിമാരുടെ താവളമായിരുന്നു.
എന്നാൽ പിന്നീട് ഹിന്ദു മതത്തിന്റെ കടന്നു വരവോടുകൂടി ഹിന്ദു ക്ഷേത്രമായി ഇത് മാറ്റപ്പെടുകയായിരുന്നു. മഹാദേവവർമ്മൻ ഒന്നാമന്റെ കാലത്താണ് തമിഴ്‌നാട്ടിലും ഇതരപ്രദേശങ്ങളിലും ജൈനമതം ശക്തി പ്രാപിക്കുന്നത്. സത്യസന്ധവും അഗാധമായ ആത്മാർപ്പണത്തിലും അധിഷ്ഠിതമായ ജൈനമതം ഏതാണ്ട് മുഴുവനായി നശിക്കുകയോ ക്ഷയിക്കുകയോ പിൽകാലത്ത് ചെയ്തു. പാറയിടുക്കിൽ കൊത്തിവെച്ച ശില്പങ്ങൾ അവശേഷിപ്പിച്ചു കൊണ്ട് ചക്രവാളത്തെ സാക്ഷിയാക്കി ഒരു ക്ഷേത്രം നിലനിർത്തിക്കൊണ്ട് പാറയിടുക്കിന്റെ താഴ്‌വാരത്തുകൂടി ജൈനർ യാത്രയായി . അവർ നടന്നിറങ്ങിയ വഴികളിൽക്കൂടി ഹിന്ദുമതവും അതിനു പിന്നാലെ ഒരു ചരിത്രവും കാണാം. എ.ഡി 13- നൂറ്റാണ്ടിൽ ഇത് ഭഗവതി ക്ഷേത്രമായി മാറ്റപെട്ടു. ക്ഷേത്രത്തിനു പുറകിലൂടെ വന്ന് ഒരു ചെറിയ കവാടത്തിലൂടെ കടന്ന് ഗുഹാമുഖത്തിലൂടെ താഴോട്ടിറങ്ങി വേണം ഈ ക്ഷേത്രമുറ്റത്തെത്താൻ വേണ്ടി. പാറയിൽക്കൊത്തിയ ധ്യാന നിരതനായ തീർഥങ്കരന്റെ വിവിധ രൂപങ്ങളും സന്യാസി―സന്യാസിനി ശിൽപ്പങ്ങളും ഈ ക്ഷേത്രത്തിൽ കാണാൻ സാധിക്കും. ഗുഹാശില്പങ്ങളിലെ ധർമ്മദേവതയുടെ ശില്പവും വളരെ പ്രസിദ്ധമാണ്.
ക്ഷേത്രത്തിന്റെ ചുവരുകളിൽ മഹാവീരന്റെ വിഗ്രഹരൂപങ്ങൾ കൊത്തിവെച്ചിട്ടുണ്ട് അതൊരു പ്രത്യേക കാഴ്ച തന്നെയാണ്. ഇടത് വശത്ത് ഒരു നാഗപ്രതിഷ്ഠയുണ്ട്. മലയുടെ ഒരുവശത്തായുള്ള പാറ തുരന്ന് കൊത്തിയെടുത്ത തൂണുകളോടെ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രത്തിൽ മൂന്ന് ഗർഭഗൃഹങ്ങളുണ്ട്. അവയിൽ അവസാനത്തെ തീർഥങ്കരനായ വർദ്ധമാന മഹാവീരന്റെയും, പാർശ്വനാഥന്റെയും, പത്മാവതിയുടെയും പ്രതിഷ്ഠകൾ കാണാം. പത്മാവതി പ്രതിഷ്ഠയുള്ളതിനാലാണ് ഭഗവതികോവിലായി അറിയപ്പെടുന്നതെന്നും, അതല്ല തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാൾ പത്മാവതി പ്രതിഷ്ഠമാറ്റി പകരം ഭഗവതി പ്രതിഷ്ഠ നടത്തി എന്നും രണ്ടു തരത്തിലുള്ള ഐതിഹ്യങ്ങൾ നിലനിൽക്കുന്നുണ്ട് .
Story Highlights ; Chitharal Jain Temple | Thirucharanaathupalli | Marthandam | Tamilnadu