യാത്രകൾ ഇഷ്ടപ്പെടുന്ന ഏതൊരാളും ഒരിക്കൽ എങ്കിലും കുടജാദ്രി സന്ദർശിക്കണമെന്ന് ആഗ്രഹിക്കാതിരിക്കില്ല. ട്രയിനിൽ മംഗലാപുരം എത്തുക അവിടെ നിന്ന് മൂകാംബിക റോഡ് വരെ മറ്റൊരു ട്രയിൻ. പിന്നീട് ബസ് മാർഗം കൊല്ലൂർ.മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിന്ന് വരുന്നവരിൽ അധികവും മലയാളികൾ. കൊല്ലൂരിലെ ജനജീവിതം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് നില നിൽക്കുന്നത് എന്ന് തോന്നും. കൊല്ലൂർ ചെറിയ ഒരു അങ്ങാടിയാണ്. സന്ദർശകരെ ഉദ്ദേശിച്ചുള്ള ഹോട്ടലുകൾ, റസ്റ്ററന്റുകൾ, പൂക്കടകൾ, സ്റ്റേഷനറി തുടങ്ങിയവ മാത്രമേ ഇവിടെ കാണാൻ സാധിക്കു . ഒരു വികസിത നഗരമേ അല്ല. നല്ല ബസ്റ്റ് സ്റ്റാൻഡോ റോഡോ മറ്റ് സൗകര്യങ്ങളോ ഇല്ല. കൊല്ലൂരിൽ കൂടുതൽ മലയാളി ഹോട്ടലുകൾ ആണ് . എല്ലായിടത്തും വെജിറ്റേറിയൻ ഭക്ഷണമേ കിട്ടാനുള്ളൂ.
കൊല്ലൂർ മൂകാംബികയിൽ നിന്ന് 570 രൂപയാണ് ഒരാൾക്ക് ചാർജ്ജ്.
7 പേർ മിനിമം വേണം. വളഞ്ഞും പുളഞ്ഞുമുള്ള വീതി കുറഞ്ഞ റോഡ്. അത് കഴിഞ്ഞ് കാനനപ്പാത. പുലർകാലത്തെ ഈ യാത്ര തന്നെ വല്ലാത്ത വൈബ് ആണ്. നെട്ടൂർ എന്ന ചെറിയ അങ്ങാടിയിൽ നിന്ന് ഫോറസ്റ്റിലേക്ക് പ്രവേശിക്കും. മനംകുളിർപ്പിക്കുന്ന ഈ യാത്ര ഒരു ചെക്ക് പോസ്റ്റിലാണ് ചെന്ന് ചേരുക. അവിടെ സന്ദർശകർക്കും ജീപ്പിനും ഫീസ് അടയ്ക്കണം. മാത്രമല്ല, ഇനി അങ്ങോട്ടുള്ള അതീവ സാഹസികമായ യാത്ര ആണ്.
ഒരു അഡ്വഞ്ചറസ് ഓഫ്‌റോഡ് ട്രക്കിംഗ്. ചെളി പിളിയായ ഒറ്റവരിപ്പാത, ചെങ്കുത്തായ പാറ, വലിയ ഒരുളൻ കല്ലുകൾ നിറഞ്ഞ കാനന വീഥികൾ.. മേലോട്ട് കയറുന്തോറും കോട കൊണ്ട് മൂടിയ അന്തരീക്ഷം. മഞ്ഞും മഴനൂലുകളുടെ നൃത്തവും.. ഇളം കാറ്റിൽ ഉള്ളും പുറവും കോരിത്തരിക്കും. ജീപ്പ് നിർത്തി അൽപം നടന്നാൽ ക്ഷേത്രവും കുളവും പുണ്യതീർത്ഥവുമെല്ലാം കാണാം. ഇനിയും മേലോട്ട് കയറിയെങ്കിലേ കൊടുമുടിയിലേക്ക് എത്തിച്ചേരാനാകൂ. ഒരനുഭൂതിയാണ് നമ്മൾ അവിടെ അനുഭവിക്കുന്നത്. പ്രകൃതിയോട് ചേർന്ന്, ഇളം കാറ്റിന്റെ മർമ്മരങ്ങളിൽ അമർന്ന് പച്ചപ്പ് വലം വെച്ച ആ പാറപ്പടർപ്പുകളിൽ കണ്ണടിച്ചിരിക്കുമ്പോൾ ധ്യാനപൂർണമായ ഒരു ഉണർവ്വ് നമ്മെ ആവേശിക്കും. വെറുതെയല്ല ശങ്കരാചാര്യർ കുടജാദ്രിയിൽ തന്റെ സർവ ജ്ഞാനപീഠം ഉറപ്പിച്ചത് എന്ന് അപ്പോൾ നാം തിരിച്ചറിയും. കുടജാദ്രിയുടെ ഉച്ഛിയിലേക്ക് നടന്നാൽ ആ ജ്ഞാന പീഠം നമുക്ക് കാണാം.
Story Highlights ; kollurmookambika