കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ തിരുവമ്പാടിക്കടുത്തുള്ള നയന മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് അരിപ്പാറ വെള്ളച്ചാട്ടം. ഇരുവഴഞ്ഞിപ്പുഴയാണ് പാറക്കെട്ടുകളില്‍ നിന്ന് താഴേക്ക് പതിക്കുന്ന അരിപ്പാറ വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള പ്രദേശം പാറക്കെട്ടുകള്‍ ആണെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഈ പാറക്കെട്ടുകള്‍ക്കിടയില്‍ ധാരാളം കുളങ്ങള്‍ കാണാന്‍ സാധിക്കും. ഈ കുളത്തില്‍ സഞ്ചാരികള്‍ക്ക് കുളിക്കാനും നീന്താനും എല്ലാം ഉള്ള സൗകര്യം ഉണ്ട്. തിരുവമ്പാടിയില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ സ്ഥലത്തേക്ക് എത്തിച്ചേരാന്‍ ആകും.
പാറക്കെട്ടുകള്‍ക്കിടയിലൂടെ പതഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടം കാണാന്‍ ഇവിടെ സഞ്ചാരികളുടെ തിരക്കാണ്. അങ്ങ് അകലെ നിന്നാല്‍ തന്നെ വെള്ളത്തിന്റെ ഇരമ്പല്‍ കേള്‍ക്കാം. ഈ ഇരുമ്പല്‍ കേട്ടുകൊണ്ട് നമുക്ക് നടന്ന് വെള്ളച്ചാട്ടത്തിന് അരികിലേക്ക് എത്താം. കോഴിക്കോട്ടേക്കുള്ള യാത്രയില്‍ ഒരിക്കലും ഒഴിച്ചുകൂടാന്‍ ആവാത്ത ഒരു ഇടമാണിത്. വാരാന്ത്യങ്ങളില്‍ പ്രത്യേകിച്ചും ഇവിടേക്ക് ധാരാളം ആളുകളാണ് എത്താറുള്ളത്. വീട്ടുകാരുടെയും കൂട്ടുകാരുടെയും ഒപ്പം ഒഴിവുസമയങ്ങള്‍ ആഘോഷിക്കാന്‍ പറ്റിയ ഒരിടമാണിത്. മഴക്കാലമാണെങ്കില്‍ ഇവിടുത്തെ ഭംഗി കുറച്ചു കൂടി കൂടുമെന്ന് വേണം പറയാന്‍.
STORY HIGHLIGHTS: Arippara Waterfalls, Kozhikode