കൊച്ചി: മലയാള സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം ആവശ്യപ്പെട്ട് ഡബ്ലുസിസി. സിനിമയിലെ എല്ലാ തൊഴിലുകള്‍ക്കും കൃത്യമായ കരാര്‍ കൊണ്ടു വരണമെന്ന് ഡബ്ലുസിസി ആവശ്യപ്പെട്ടു. ലൈംഗികാതിക്രമങ്ങള്‍ തടയാനുളള വ്യവസ്ഥകളും കരാറിന്റെ ഭാഗമാക്കണമെന്നും സംഘടന ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
സിനിമ മേഖലയുടെ സമഗ്ര പുനര്‍നിര്‍മാണത്തിന് പുതിയ നിര്‍ദേശങ്ങളടങ്ങിയ പരമ്പര പ്രഖ്യാപിക്കുമെന്ന് ഡബ്ലുസിസി നേരത്തെ അറിയിച്ചിരുന്നു. ഈ പരമ്പരയിലെ ആദ്യ നിര്‍ദേശമെന്ന നിലയിലാണ് തൊഴില്‍ കരാര്‍ ആവശ്യം ഉന്നയിച്ചത്.
ഡബ്ലുസിസി നിർദേശിക്കുന്നു സിനിമാ കോഡ് ഓഫ് കണ്ടക്ട് എന്ന വാചകത്തോടെയാണ് ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്. മലയാള സിനിമ വ്യവസായത്തെ സുസംഘടിതമാക്കുക എന്ന സന്ദേശത്തോടെയാണ് എല്ലാവർക്കും കരാർ എന്നതടക്കമുള്ള നിർദേശങ്ങൾ ആരംഭിക്കുന്നത്.
സിനിമയുടെ പേര്, തൊഴിലുടമയുടെയും, ജീവനക്കാരന്റേയും വിശദാംശങ്ങൾ എന്നിവ കരാറിൽ വ്യക്തമാക്കണം എന്നതടക്കം നിരവധി നിർദേശങ്ങളാണ് ഡബ്ല്യസിസി മുന്നോട്ടു വെച്ചിരിക്കുന്നത്. ഡബ്ല്യസിസിയുടെ മറ്റ് നിർദേശങ്ങൾ.
പ്രതിഫലവും അതിന്റെ നിബന്ധനകളും, ജോലി പ്രൊഫൈലും കാലാവധിയും ക്രെഡിറ്റുകളും വ്യക്തമാക്കണം.
‘പോഷ്’ ക്ലോസ് എല്ലാ കരാറിലും ഉറപ്പാക്കണം.
ചലച്ചിത്ര വ്യവസായം അംഗീകരിക്കുന്ന കരാർ രൂപരേഖകൾ ഉണ്ടാകണം.
കരാർ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള അവകാശം.
എന്നിവയാണ് പുതിയ മാർഗനിർദേശങ്ങളിൽ പ്രധാനം. ഇവയ്ക്കുപുറമേ താൽകാലിക ജീവനക്കാർക്കുള്ള കരാറുകൾ ഉറപ്പുവരുത്തുക, ദിവസ വേതനക്കാർക്കുളള ഫോമുകൾ റിലീസ് ചെയ്യുക എന്നീ നിർദേശങ്ങളും ഡബ്ല്യുസിസി മുന്നോട്ടുവെച്ചിട്ടുണ്ട്.