ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് എഎപി. കോണ്‍ഗ്രസുമായി സഖ്യചർച്ചകൾ നടക്കുന്നതിനിടെയാണ് 20 പേരുടെ ആദ്യപട്ടിക പുറത്തു വിട്ടത്.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ മത്സരിക്കുന്ന ഗഢി സംപ്ല – കിലോയിലും ഗുസ്തി താരം വിനേഷ് ഫോഗട്ട് മത്സരിക്കുന്ന ജുലാനയിലും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
ഹരിയാനയില്‍ കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി ഇന്ന് നടത്തിയ സീറ്റ് ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സീറ്റുകളുടെ എണ്ണത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇരു പാര്‍ട്ടികളും തയ്യാറായില്ല. ഹരിയാനയില്‍ 10 സീറ്റുകളിലെങ്കിലും മത്സരിക്കണം എന്ന് ആം ആദ്മി പാര്‍ട്ടിയും, പരമാവധി 6 സീറ്റുകളെ നല്‍കുമെന്ന് കോണ്‍ഗ്രസും നിലപാടെടുത്തതോടെയാണ് സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടത്.
സഖ്യമില്ലെങ്കില്‍ 90 സീറ്റിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് എ.എ.പി എം പി സഞ്ജയ് സിങ് വ്യക്തമാക്കി. കെ.സി.വേണുഗോപാലും എ.എ.പി. എം.പി. രാഘവ് ഛദ്ദയും മൂന്നുതവണ ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. എന്നാല്‍ ചര്‍ച്ചകള്‍ തുടരുന്നുവെന്നാണ് കോണ്‍ഗസ് ദേശീയ നേതൃത്വം നല്കുന്ന സൂചന.
വോട്ട് വിഭജിച്ചുപോകരുതെന്നും സഖ്യമായി മത്സരിക്കാനുള്ള സാധ്യത തേടണമെന്നും കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു. രാഹുലിന്റെ നിര്‍ദേശത്തെ എഎപി സ്വാഗതം ചെയ്തിരുന്നു.