ഓണക്കാലമാണ് ഇപ്പോള്‍. ഓണം എന്ന് പറയുമ്പോള്‍ തന്നെ സദ്യ ഒഴിച്ചുകൂടാന്‍ ആവാത്ത ഒന്നാണ്. എന്നാല്‍ എല്ലാ തവണത്തെയും സേമിയയും അടപ്രഥമനും ഒക്കെ മാറ്റി ഒരു വെറൈറ്റി പായസം ഇത്തവണ തിരുവോണത്തിന് വിളമ്പാം. എങ്കില്‍ അതൊരു മത്തങ്ങ പ്രഥമന്‍ ആയാലോ. ഷെഫ് പിള്ളയുടെ സ്‌പെഷ്യല്‍ മത്തങ്ങ പ്രഥമന്‍ നമുക്കൊന്ന് തയ്യാറാക്കി നോക്കാം.
ആവശ്യമായ ചേരുവകള്‍
- നെയ്യ്
- മത്തങ്ങ
- ശര്‍ക്കര പാവുകാച്ചിയത്
- അണ്ടിപ്പരിപ്പ്
- മുന്തിരിങ്ങ
- ചുക്കുപൊടി
- ഏലയ്ക്കാപ്പൊടി
- തേങ്ങാക്കൊത്ത്
തയ്യാറാക്കുന്ന വിധം;
ഇതിനായി മത്തങ്ങ ആദ്യം തൊലികളഞ്ഞ് വേവിച്ച് ഉടച്ചു വയ്ക്കുക. ഉടച്ച് വെ്ക്കുമ്പോള്‍ ഒരുപാട് പേസ്റ്റ് ആക്കേണ്ട. കാരണം ഒരു ചെറിയ രീതിയിലുള്ള കഷണം കിടക്കുന്നത് നല്ലതാണ്. ശേഷം ഒരു ഉരുളി എടുത്ത് ഉരുളിയിലേക്ക് നെയ്യൊഴിച്ച് ഈ മത്തങ്ങ കൂട്ട് നന്നായി വഴറ്റിയെടുക്കുക. അതിനോടൊപ്പം തന്നെ നേരത്തെ തന്നെ ശര്‍ക്കര വെള്ളമില്ലാതെ തേന്‍ പരുവത്തില്‍ പാവുകാച്ചി അരിച്ചു മാറ്റി വയ്ക്കണം. ശേഷം ഈ മത്തങ്ങ നന്നായി വഴണ്ട് വരുമ്പോള്‍ ഈ ശര്‍ക്കരപ്പാനി കൂടി ഇതിലേക്ക് ചേര്‍ത്ത് കൊടുക്കുക. ഇത് രണ്ടും കൂടെ നന്നായി ഒന്ന് മിക്‌സ് ആയി വരുമ്പോഴേക്കും തേങ്ങയുടെ ഒന്നാം പാല്‍ ഇതിലേക്ക് ചേര്‍ത്ത് കൊടുക്കണം.
ഇത് പായസത്തിന്റെ പരുവത്തില്‍ ഒന്ന് കുറുകി വരുമ്പോള്‍ ഇതിലേക്ക് കുറച്ച് ചുക്കിന്റെ പൊടി ചേര്‍ത്തു കൊടുക്കുക. ഏലയ്ക്കായുടെ ടേസ്റ്റ് ഇഷ്ടമുള്ളവര്‍ക്ക് അല്‍പ്പം ഏലയ്ക്ക പൊടിച്ചത് കൂടി ചേര്‍ത്ത് കൊടുക്കാം. ശേഷം വീണ്ടും ഒരു പാന്‍ ചൂടാക്കി അതിലേക്ക് നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും ചെറുതായി അരിഞ്ഞ തേങ്ങാക്കൊത്തും ഉണക്കമുന്തിരിയുടെ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം ഇത് തയ്യാറാക്കി വച്ചിരിക്കുന്ന മത്തങ്ങ-ശര്‍ക്കര കൂട്ടിലേക്ക് ഇട്ടുകൊടുത്ത് നന്നായി ഇളക്കുക. നല്ല രുചികരമായ മത്തങ്ങ പ്രഥമന്‍ റെഡി.
STORY HIGHLIGHTS: Pumpkin Payasam recipe