പാലക്കാട്: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ അന്വേഷണം അട്ടിമറിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അൻവറിന് പിന്നിൽ അൻവർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സമ്മേളനം തുടങ്ങുന്നതിന്റെ ഭാഗമായുള്ള പാലക്കാട്ടെ മേഖലാ ജനറൽബോഡി യോഗത്തിന് ഒറ്റപ്പാലത്തെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അൻവറിനു പിന്നിൽ സിപിഎമ്മുണ്ടോ എന്ന ചോദ്യത്തിന് ഇല്ലായെന്നായിരുന്നു മറുപടി. അൻവറിന് പിന്നിൽ ആരുമില്ല, അൻവർ മാത്രമേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. പരാതികളില്‍ എഡിജിപിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഡി.ജി.പിയാണ് കേസ് അന്വേഷിക്കുന്നത്. അതില്‍ ഒരു അട്ടിമറിയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എ.ഡി.ജി.പിക്കെതിരായ സർക്കാരിന്റെ അന്വേഷണം പൂർത്തിയായാൽ അതിനനുസരിച്ചുള്ള നിലപാട് സ്വീകരിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയാണ്. കേരളത്തിൽ ബിജെപിക്ക് എംഎൽഎയെയും എംപിയെയും നൽകിയത് കോൺഗ്രസാണ്. തൃശൂരിലെ കോൺഗ്രസ് തോൽവി അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാൽ കൂടുതൽ കോൺഗ്രസുകാർ ബിജെപിയിൽ പോകും. മുൻമുഖ്യമന്ത്രിമാരുടെ മക്കൾ പോലും ബി.ജെ.പിയിലേക്ക് പോകുന്ന സ്ഥിതിയുണ്ടായി. കരുണാകരൻ്റെയും ആൻ്റണിയുടെയും മക്കൾ പോയത് കണ്ടതാണല്ലോ.. കോൺഗ്രസ് എം.പി ബിജെപിയിലേക്കു പോകുമെന്ന വാർത്ത ഗൗരവതരമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.