ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജിസിസി) പ്രഥമ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ജയശങ്കര്‍ ദ്വിദിന സന്ദര്‍ശനത്തിനായി ഇന്നലെ (ഞായറാഴ്ച) സൗദിയിലെത്തിയത്. കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുള്ള വഴികളും ഇരുവരും ചര്‍ച്ച ചെയ്തു.
”ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി ഒരു നല്ല കൂടിക്കാഴ്ചയോടെയാണ് ദിവസം ആരംഭിച്ചത്. ഇന്ത്യ-ഖത്തര്‍ ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നത് ചര്‍ച്ച ചെയ്തു. പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകളെയും വിലയിരുത്തലുകളെയും അഭിനന്ദിക്കുന്നു, ”ജയശങ്കര്‍ എക്‌സില്‍ കുറിച്ചു.
കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുള്ള അലി അൽ-യഹിയയുമായും എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. ഇന്ത്യ- കുവൈത്ത് നയതന്ത്രം ശക്തിപ്പെടുത്തുന്നതിനായി ചർച്ചകൾ നടത്തിയതായി അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങൾക്കിടയിലുള്ള പങ്കാളിത്തവും സൗഹൃദവും വർദ്ധിക്കുകയാണെന്നും എസ് ജയശങ്കർ എക്‌സിൽ കുറിച്ചു.
” കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുള്ള അലി അൽ-യഹിയയെ കണ്ടതിൽ സന്തോഷം. അടുത്തിടെ കുവൈത്തിൽ നടന്ന ഞങ്ങളുടെ കാര്യക്ഷമമായ ചർച്ചകൾ അനുസ്മരിച്ചു. വരും വർഷങ്ങളിലും ഇന്ത്യ- കുവൈത്ത് ബന്ധം ദൃഢതയോടെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ കുവൈത്ത് നേതൃത്വവുമായി മുൻകൂട്ടി നിശ്ചയിച്ച ചർച്ചകളിൽ പങ്കെടുത്തു.”- എസ് ജയശങ്കർ കുറിച്ചു.
സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തുകയും, ഉഭയകക്ഷി ബന്ധത്തിലെ പുരോഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, സാംസ്‌കാരികം, തുടങ്ങിയ മേഖലകളിലെ ബന്ധം ആഴത്തിലുള്ളതാണെന്ന് ജയ്ശങ്കറിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം (എംഇഎ) പറഞ്ഞിരുന്നു.