ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് സായിദ് അല്‍ നഹ്യാന്. സെപ്റ്റംബര്‍ എട്ടിന് ന്യൂദല്‍ഹിയിലെത്തിയ അബുദാബി കിരീടാവകാശിക്ക് ആചാരപരമായ സ്വീകരണമാണ് നല്‍കിയത്. ഹൈദരാബാദ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വ്യവസായരംഗത്തെ പ്രമുഖർ എന്നിവർ സംബന്ധിച്ചു.
അബുദാബി കിരീടാവകാശിയുടെ ബഹുമാനാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക ഉച്ചവിരുന്നും ഒരുക്കിയിരുന്നു. കൂടിക്കാഴ്ചയിലും ഉച്ചവിരുന്നിലും പ്രമുഖ വ്യവസായികളായ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയും ബുർജീൽ ഹോൾഡിങ്ങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിലും സംബന്ധിച്ചു. നാളെ മുംബൈയിൽ നടക്കുന്ന ഇന്ത്യ – യുഎഇ വാണിജ്യ ഉച്ചകോടിയിലും ഇരുവരും പങ്കെടുക്കും.
ഇന്ത്യ-യുഎഇ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇരു നേതാക്കളും ചര്‍ച്ചകള്‍ നടത്തിയതായി വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഹൈദരാബാദ് ഹൗസിലെത്തിയ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം ഇന്ത്യയിലെത്തിയ നഹ്യാന് രണ്ട് ദിവസം രാജ്യത്ത് ചെലവഴിക്കും.