കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാനത്തിൽ മകൾ അദീബയുടെ മൊഴിയെടുപ്പ് പൂർത്തിയായി. ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ബന്ധുക്കളുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. കോഴിക്കോട് റേഞ്ച് ഐജി പ്രകാശനുമായി അദീബ കൂടിക്കാഴ്ച നടത്തും.
കഴിഞ്ഞ ദിവസമാണ് മാമി തിരോധാനത്തിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. റേഞ്ച് ഐജി പ്രകാശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഡിവൈഎസ്പി കെ.യു പ്രേമനാണ് അന്വേഷണ ചുമതല. ഇന്ന് മകളുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ മറ്റു ബന്ധുക്കളുടെയും മൊഴികൾ രേഖപ്പെടുത്തും.
നേരത്തെ, കേസ് അന്വേഷിച്ച പൊലീസിന് വീഴ്ച പറ്റിയെന്ന് മാമിയുടെ കുടുംബം ആരോപിച്ചിരുന്നു. ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ ഇത് പരാതിയായി നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു.
മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21 നാണ്. ഈ കേസില്‍ എഡിജിപി അജിത്കുമാര്‍ ഇടപെട്ടു എന്ന് പി.വി. അന്‍വര്‍ എംഎല്‍എ ആരോപിച്ചിരുന്നു.
സിബിഐ അന്വേഷണം വേണമെന്ന് മാമിയുടെ ഭാര്യ റുക്സാന ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ ഇനി എന്ത് നിലപാട് സ്വീകരിക്കണമെന്നത് നിയമവിദ്ഗരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും കുടുംബം വ്യക്തമാക്കി.