തിരുവോണം എത്താറായി. മിക്ക മലയാളികളും തിരുവോണദിവസം വീടുകളില്‍ സദ്യ ഒരുക്കാറുണ്ട്. സദ്യ എന്ന് പറയുമ്പോള്‍ വിഭവസമൃതമായിരിക്കും മിക്ക വീട്ടിലും. എല്ലാ തൊടുകറികളും കൂട്ടുകറികളും പായസവും പപ്പടവും ഒക്കെ കാണും സദ്യക്ക് വിളമ്പാന്‍. ഇപ്പോള്‍ ഇതാ ഇലയുടെ വലത്തെ അറ്റത്ത് വിളമ്പുന്ന വെള്ളരിക്ക കിച്ചടി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍;
- വെള്ളരിക്ക
- പച്ചമുളക്
- തേങ്ങ
- എണ്ണ
- കടുക്
- ചെറിയ ഉളളി
- പച്ചമുളക്
- വറ്റല്‍മുളക്
- കറിവേപ്പില
തയ്യാറാക്കുന്ന വിധം;
വെള്ളരിക്ക തൊലി ചെത്തി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് മാറ്റി വെയ്ക്കുക. ഇതിലേക്ക് അല്‍പ്പം വെള്ളമൊഴിച്ച് ആവശ്യത്തിന് ഉപ്പും കൂടി ഇട്ട് നന്നായി ഒന്ന് വേവിച്ചെടുക്കുക. വേവിക്കുമ്പോള്‍ ഒരുപാട് ഉടയേണ്ട ആവശ്യമില്ല. വെളളരിക്ക വെന്തുവരുന്ന സമയത്ത് ഇതിലേക്ക് കടുക് ചതച്ച് ചേര്‍ക്കുക. ശേഷം ഇതിലേക്ക് തേങ്ങയും പച്ചമുളകും അരച്ചത് ചേര്‍ത്ത് നന്നായി ഇളക്കുക. അരപ്പും വെള്ളരിക്കയും കൂടി ഒന്ന് കുറുകി വരുമ്പോഴേക്കും ഗ്യാസ് ഓഫ് ചെയ്യുക. ശേഷം ഇതിലേക്ക് നല്ല കട്ട തൈര് ചേര്‍ക്കുക. ശേഷം രണ്ടും കൂടി നന്നായി യോജിപ്പിച്ച് ഇളക്കി മാറ്റി വെയ്ക്കുക.
അടുത്തതായി ചെയ്യേണ്ടത് ഒരു പാന്‍ ചൂടാക്കി അതിലേക്ക് അല്‍പ്പം വെളിച്ചെണ്ണ ഒഴിക്കുക. ശേഷം അതിലേക്ക് ചെറിയഉളളി, വറ്റല്‍ മുളക്, കറിവേപ്പില എന്നിവയിട്ട് നന്നായി താളിച്ച് എടുക്കുക. ശേഷം ഇത് വെള്ളരിക്ക കൂട്ടിലേക്ക് ചേര്‍ത്ത് യോജിപ്പിച്ച് നല്ലപോലെ ഇളക്കുക. നല്ല രുചികരമായ വെള്ളരിക്ക കിച്ചടി തയ്യാര്‍.
STORY HIGHLIGHTS: Cucumber Kichadi Recipe