തിരുവനന്തപുരം: തൃശൂര്‍പൂരം അലങ്കോലപ്പെടുത്താൻ ഇടയാക്കിയ സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് സിപിഐ. ഗൂഢാലോചന പുറത്ത് വരണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ഇന്ന് ചേര്‍ന്ന തൃശൂര്‍ ജില്ലാ എക്സിക്യൂട്ടിവ് യോഗത്തിലാണ് സിപിഐ ആവശ്യം മുന്നോട്ടുവച്ചത്.
എഡിജിപി എം ആര് അജിത് കുമാറും ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ വസ്തുതകള്‍ വെളിച്ചത്തുവരണം. പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍ അതിരു കടന്നതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ മാറ്റുന്നത് ഉള്‍പ്പെടെ നടപടി ഉണ്ടായി.
എന്നാല്‍ പൂരം നിര്‍ത്തിവെക്കാനും അലങ്കോലപ്പെടുത്താനും നടന്ന ഗൂഢാലോചന പുറത്തു വരേണ്ടതുണ്ട്. ഈ സംഭവത്തിന്റെ രാഷ്ട്രീയ ഗുണഭോക്താക്കള്‍ ബിജെപിയും സ്ഥാനാര്‍ഥി സുരേഷ് ഗോപിയും ആയിരുന്നുവെന്ന് സിപിഐ വിലയിരുത്തി.
തൃശൂരിലെ സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാറും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന വെളിപ്പെടുത്തല്‍ ഗൗരവതരമാണെന്നും അന്വേഷിക്കണമെന്നും മുന്‍പുതന്നെ ആവശ്യമുന്നയിച്ചിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന തൃശ്ശൂര്‍ പുരത്തിന്റെ രാത്രി എഴുന്നള്ളത്ത് തടയാനും തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്തിവയ്ക്കാനിടയായ സംഭവങ്ങളില്‍ രാഷ്ട്രീയ താല്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന നടന്നതായി ആ വേളയില്‍ തന്നെ സിപിഐ അഭിപ്രായപ്പെട്ടിരുന്നു. എല്‍ഡിഎഫ് നിലപാടും ഇതുതന്നെ ആയിരുന്നു. തൃശൂര്‍ ബിജെപിക്കും ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്കും ഇതില്‍ നിന്ന് ഗുണമുണ്ടായതായി സംശയിക്കുന്നതായി സിപിഐ പറഞ്ഞു.