റിയാദ്: സൗദി അറേബ്യയില്‍ സിസിടിവി ഉപയോഗിക്കുന്നതിന് 18 നിബന്ധനകള്‍ പുറത്തിറക്കി സൗദി ആഭ്യന്തര മന്ത്രാലയം. സിസിടിവി ക്യാമറകള്‍ പകർത്തുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ 20,000 റിയാലാണ് പിഴ. ഇത്തരം വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ സംബന്ധിച്ച വിശദ വിവരം ഇത്തരം പിഴകള്‍ അടയ്ക്കാൻ മന്ത്രാലയം ഏർപ്പെടുത്തിയ ‘ഈഫാ’ആപ്പില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.
ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അനധികൃതമായി മായ്ച്ച് കളഞ്ഞാലും 20,000 റിയാല്‍ പിഴ ചുമത്തും. കാമറകളും റെക്കോര്‍ഡിങ് സംവിധാനവും കേടുവരുത്തിയാലും പിഴ 20,000 റിയാലാണ്. തെര്‍മല്‍ കാമറകള്‍ പൊതുസുരക്ഷാ വകുപ്പിെൻറ അനുമതി വാങ്ങാതെ സ്ഥാപിച്ചാല്‍ പിഴ 10,000 റിയാലും ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്ത കാമറകളും അനുബന്ധസ്ഥാപനങ്ങളും സ്ഥാപിച്ചാല്‍ 500 റിയാലുമാണ് പിഴ.
ലേഡീസ് ബ്യൂട്ടിപാർലറുകള്‍, സ്പാകള്‍, വിവിധതരം ക്ലബ്ബുകള്‍ എന്നിവക്കുള്ളില്‍ സുരക്ഷാ കാമറകള്‍ സ്ഥാപിക്കല്‍, ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെൻറുകളും അടക്കമുള്ള ടൂറിസ്റ്റ് താമസസൗകര്യങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കല്‍, ഓപ്പറേഷന്‍ തിയേറ്ററുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കല്‍, മെഡിക്കല്‍ പരിശോധനാ മുറികളിലും ഫിസിയോ തെറാപ്പി മുറികളിലും കിടത്തി ചികിത്സിക്കുന്ന മുറികളിലും വസ്ത്രം മാറുന്ന മുറികളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കല്‍, പൊതുസുരക്ഷാ വകുപ്പിെൻറ അനുമതിയില്ലാതെ ഓഡിയോ റെക്കോര്‍ഡിങ് ഉപകരണം പ്രവര്‍ത്തിപ്പിക്കല്‍, ടോയ്‌ലറ്റുകള്‍ക്കകത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് 10,000 റിയാലാണ് പിഴ.
സി.സി.ടി.വി സ്ഥാപിച്ചിരിക്കുന്നത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപനത്തിെൻറ മുഴുവന്‍ പ്രവേശന കവാടങ്ങളിലും പുറത്തേക്കുള്ള വഴികളിലും സ്ഥാപിച്ചില്ലെങ്കിലും നിർദ്ദിഷ്ട മാനദണ്ഡങ്ങള്‍ പ്രകാരമുള്ള കാമറകള്‍ സ്ഥാപിച്ചില്ലെങ്കിലും 1,000 റിയാല്‍ പിഴ ചുമത്തും. നിയമം അനുശാസിക്കുന്ന കാലം വരെ കാമറാദൃശ്യങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ 5,000 റിയാലാണ് പിഴ.