Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ഹർജികൾ ഹൈക്കോടതി ഇന്നു പരിഗണിക്കും | Hema Committee report: High Court will consider petitions today

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ഹർജികൾ ഹൈക്കോടതി പ്രത്യേക ബെഞ്ച് ഇന്നു പരിഗണിക്കും. ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്.സുധ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ഹേമ കമ്മിറ്റിയുടെ സമ്പൂർണ റിപ്പോർട്ട് സർക്കാർ മുദ്രവച്ച കവറിൽ കൈമാറും. റിപ്പോർട്ട് മുദ്രവച്ച കവറിൽ നൽകണമെന്നും സർക്കാരിന്റെ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിരുന്നു.

റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന, ലൈംഗിക അതിക്രമം നടത്തിയവർക്കെതിരെ ക്രിമിനൽ നടപടി ആരംഭിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു പായിച്ചറ നവാസ് നൽകിയ പൊതുതാൽപര്യ ഹർജി ഉൾപ്പെടെയാണു പ്രത്യേക ബെഞ്ച് പരിഗണിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ അപ്പീൽ, റിപ്പോർട്ടിൽ പറയുന്ന കുറ്റകൃത്യങ്ങൾ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വനിതാ അഭിഭാഷകരായ എ.ജന്നത്ത്, അമൃത പ്രേംജിത് എന്നിവർ നൽകിയ പൊതുതാൽപര്യ ഹർജി, ടി.പി.നന്ദകുമാർ, മുൻ എംഎൽഎ ജോസഫ് എം.പുതുശേരി എന്നിവർ നൽകിയ ഹർജികൾ എന്നിവയും പ്രത്യേക ബെഞ്ച് പരിഗണിക്കും.