കോട്ടയം: ശബരിമല തീർഥാടനവും തൃശൂർ പൂരവും നിയന്ത്രിക്കുന്നതിൽ പൊലീസിൽ ഗുരുതര പ്രതിസന്ധി ഉണ്ടെന്നു പൊലീസ് അസോസിയേഷൻ. പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഡ്യൂട്ടിക്കു പൊലീസിനെ കിട്ടുന്നില്ല. പരിഹാരനിർദേശങ്ങൾ ശരിയായി നടപ്പാക്കുന്നില്ലെന്നും കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുയർന്നു.
ആഭ്യന്തര വകുപ്പ് സംസ്ഥാനത്ത് ഏറ്റവും അധികം പ്രാധാന്യം നൽകുന്ന ജില്ലകളാണു പത്തനംതിട്ടയും തൃശൂരും. പ്രധാന ആരാധനാലയങ്ങളും അവയോടനുബന്ധിച്ചുള്ള ആഘോഷങ്ങളുമാണ് ഈ രണ്ട് ജില്ലകളെ പ്രത്യേകം പരിഗണിക്കുന്നതിനു പിന്നിൽ. പക്ഷേ, 2 ജില്ലകളിലും ജോലി നോക്കാൻ താൽപര്യമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം കുറയുകയാണ്. തൃശൂരിൽ ഇരുനൂറും പത്തനംതിട്ടയിൽ നൂറും പൊലീസ് ഉദ്യോഗസ്ഥരുടെ കുറവുണ്ട്. പലതവണ ശ്രമിച്ചിട്ടും ഒഴിവുകൾ നികത്താൻ കഴിയുന്നില്ല. കേരള ആംഡ് പൊലീസിൽ നിന്നുള്ളവരെക്കൂടി ഇവിടേക്കു നിയമിക്കണമെന്നു സ്റ്റാഫ് കൗൺസിൽ യോഗത്തിൽ നേരത്തേതന്നെ ആവശ്യമുയർന്നിരുന്നു. ഡിജിപി അധ്യക്ഷനായി പൊലീസ് വകുപ്പിലെ എല്ലാ സെക്‌ഷനുകളിൽ നിന്നുമുള്ള പ്രതിനിധികളും സംഘടനാ ഭാരവാഹികളും അടങ്ങുന്ന സമിതിയാണു സ്റ്റാഫ് കൗൺസിൽ.
അടുത്ത ജനറൽ സ്ഥലംമാറ്റ കാലയളവിലെങ്കിലും ഒഴിവു നികത്തണമെന്നാണു പൊലീസ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. എല്ലാ ഒഴിവുകളും പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണു സർക്കാരിന്റെ മറുപടി.