കൊച്ചി: ലൈംഗീകാതിക്രമ കേസിൽ പ്രതിയായ സംവിധായകൻ വി കെ പ്രകാശിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുവതിയായ തിരക്കഥാകൃത്തിന്‍റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. നിലവിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പരാതിക്ക് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമെന്നാണ് വികെ പ്രകാശിന്‍റെ ആരോപണം. കഥാ ചർച്ചയ്ക്ക് വിളിച്ചുവരുത്തി ലൈംഗീകാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. 2 വർഷം മുന്പ് കൊല്ലത്തുവച്ച് അതിക്രമം നടന്നുവെന്നാണ് പരാതിയിൽ ഉള്ളത്. ജസ്റ്റിസ് സി എസ് ഡയസാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
അതേസമയം, ബലാത്സംഗക്കേസിൽ പ്രതിയായ അഭിഭാഷക അസോസിയേഷൻ നേതാവ് വി.എസ്.ചന്ദ്രശേഖറിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ഉത്തരവ് പറയും. മുകേഷ്, ഇടവേള ബാബു, ജയസൂര്യ തുടങ്ങിയവർക്കെതിരെ കേസ് കൊടുത്ത ആലുവ സ്വദേശിനിയായ നടി തന്നെയാണ് അഭിഭാഷകനെതിരെയും പരാതി നൽകിയത്. ഹർജിയിൽ വാദം നേരത്തെ പൂർത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തത്. ഇത് കോടതി പ്രത്യേകം പരിഗണിച്ചിരുന്നു.