തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ മുകേഷ് എംഎൽഎക്കു സംരക്ഷണമൊരുക്കി സർക്കാർ. മുൻകൂർ ജാമ്യം നൽകിയതിനെതിരെ അപ്പീൽ പോകാൻ പ്രത്യേക അന്വേഷണ സംഘത്തിനു സർക്കാർ അനുമതിയില്ല. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു മുകേഷിനു മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്. വിവാദമായ കേസായതിനാൽ ഇതിനെതിരെ അപ്പീൽ നൽകണമെന്ന് അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. എന്നാൽ സർക്കാർ അനുമതി നൽകിയില്ല. കേസിൽ ഇരകൾക്കൊപ്പമാണെന്നു പുറമേ വാദിക്കുമ്പോഴാണു സർക്കാർ അപ്പീലിന് അനുമതി നിഷേധിച്ചത്.
മുകേഷിന്റെ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ പോകുന്നില്ലെന്ന് എസ്പി ജി.പൂങ്കുഴലി മാധ്യമങ്ങളോടു പ്രതികരിച്ചു. എന്നാൽ, ഇതിന്റെ കാരണം വെളിപ്പെടുത്തിയില്ല. അന്വേഷണ വിഷയങ്ങൾ മാധ്യമങ്ങളുമായി ചർച്ച ചെയ്യാനില്ലെന്നാണു നിലപാട്. മുകേഷിനെതിരെയുള്ള കേസിൽ അപ്പീൽ പോകണമെന്ന് പൊലീസ്, അഡ്വക്കറ്റ് ജനറലിന് കത്തു നൽകിയിട്ടുണ്ട്.