കൊച്ചി: ഒരു ദിവസം ആരോടും ഒന്നും മിണ്ടാതെ വീട്ടിൽ നിന്നും എങ്ങോട്ടോ പോയ മകനെ കാത്തിരിക്കുകയാണ് ആ ഇരുപതുകാരന്റെ അച്ഛനും അമ്മയും. എറണാകുളം പള്ളുരുത്തിയിലെ വീട്ടിൽ നിന്നും ഫോണോ പണമോ വസ്ത്രങ്ങളോ എടുക്കാതെ ഒരു സൈക്കിളില്‍ വീട് വിട്ടിറങ്ങിയ 20 വയസുകാരനായ ആദം ജോ ആന്‍റണിയെ കുറിച്ച് കഴിഞ്ഞ 45 ദിവസമായി അന്വേഷണം നടത്തിയിട്ടും ഒരു തുമ്പ് പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ആദം ജോ ആന്‍റണിയുടെ തിരോധാനത്തിന്‍റെ ചുരുളഴിക്കാന്‍ എല്ലാവരുടേയും പിന്തുണ തേടുകയാണ് കുടുംബം. പഠനത്തിലെ മികവിന് ആദം സ്വന്തമാക്കിയ സമ്മാനങ്ങളാണ് വീട്ടിലെ മേശപ്പുറത്ത് നിറയെ ഉള്ളത്. മകന്‍ പഠിച്ചു മിടുക്കനായി ഉയരങ്ങളിലെത്തുന്നത് സ്വപ്നം കണ്ടിരുന്ന മാതാപിതാക്കളായ ആന്‍റണിയും സിമിയും കഴിഞ്ഞ ഒന്നര മാസമായി മകനെയോര്‍ത്ത് കണ്ണീര്‍ വാര്‍ത്ത് കാത്തിരിക്കുകയാണ്.
പുലര്‍ച്ചെ മൂന്നു മണിയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയ ആദം കൊച്ചി കപ്പല്‍ശാലയ്ക്കരികില്‍ വരെ പോയതിന്‍റെ തെളിവായ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. അതിനപ്പുറത്ത് എവിടേക്ക് പോയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. പഴ്സ് എടുത്തിട്ടില്ല, ഫോണ്‍ കൊണ്ടു പോയിട്ടില്ല, ധരിച്ചിരുന്ന ബനിയനും ഷോട്സ്സുമല്ലാതെ മറ്റു വസ്ത്രങ്ങളൊന്നും കരുതിയിട്ടുമില്ല. കൊച്ചിയിലോ സമീപപ്രദേശങ്ങളിലോ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആദത്തിന്‍റെ സൈക്കിളും ഇനിയും കണ്ടെത്തനായിട്ടില്ല. പിന്നെ എങ്ങോട്ടാകാം ആദം പോയതെന്ന ചോദ്യത്തിനാണ് ഈ മാതാപിതാക്കള്‍ ഉത്തരം തേടുന്നത്.
പ്ലസ് ടു കഴിഞ്ഞ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പഠനം തുടങ്ങിയ ആദം ആദ്യ ഘട്ട പഠനം പൂര്‍ത്തിയാക്കിയ ശേഷം പിഎസ് സി പരീക്ഷകള്‍ക്കുളള തയാറെടുപ്പിലായിരുന്നു. വീട്ടില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. പിന്നെ എന്തിന് ഒരു സുപ്രഭാതത്തില്‍ വീടു വിട്ടു പോയി. എവിടേക്ക് പോയി. കേരളത്തിനകത്തും പുറത്തും വ്യാപകമായ അന്വേഷണം നടത്തിയിട്ടും ആദത്തെക്കുറിച്ച് ഒരു സൂചനയും പള്ളുരുത്തി പോലീസിനും കിട്ടിയിട്ടില്ല.
content highlight: kochi-adam-jo-antony-missing-case