ന്യൂഡൽഹി: വ്യക്തിപരമായി നരേന്ദ്ര മോദിയോട് വെറുപ്പോ വിദ്വേഷമോ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്കയിലെ ജോർജ് ടൌൺ യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു സംവാദ പരിപാടിയിലായിരുന്നു രാഹുലിന്റെ പ്രതികരണം. മോദിയുടെ കാഴ്ചപ്പാടുകളോട് യോജിക്കാൻ തനിയ്ക്ക് കഴിയില്ലെന്നും എന്നാലും അദ്ദേഹത്തെ തന്റെ ശത്രുവത്തായി കരുതിയിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
‘പല സമയങ്ങളിലും നരേന്ദ്ര മോദിയോട് സഹാനുഭൂതി മാത്രമേ തോന്നിയിട്ടുള്ളൂ. ഒരിക്കലും അദ്ദേഹം എന്റെ ശത്രുവാണെന്ന് ഞാൻ കരുതിയിട്ടില്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടുകളുണ്ട്. എനിക്ക് എന്റേതായ കാഴ്ചപ്പാടുകളുമുണ്ട്. രണ്ടും വ്യത്യസ്തമാണ്. ഇപ്പോൾ അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ സഹതാപം തോന്നാറുണ്ട്’- രാഹുൽ വ്യക്തമാക്കി.
അതേസമയം, മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന അമേരിക്കൻ സന്ദർശനത്തിനിടെ നിരവധി സംവാദ പരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുത്തു കഴിഞ്ഞു. രാജ്യം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമെല്ലാം അദ്ദേഹം വിവിധയിടങ്ങളിൽ ചർച്ചാ വിഷയമാക്കി. ബിജെപിയ്ക്കും ആർഎസ്എസിനുമെതിരെ രൂക്ഷവിമർശനമാണ് പല വേദികളിലും രാഹുൽ ഉന്നയിച്ചത്.
ഇന്ത്യ എന്നാൽ ഒരേയൊരു ആശയം മാത്രമാണെന്നാണ് ആർഎസ്എസ് വിശ്വസിക്കുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. എന്നാൽ, ഇന്ത്യ ഒന്നല്ല, അനേകം ആശയങ്ങളുള്ള നാടാണെന്നാണ് കോൺഗ്രസ് നിലപാട്. ഇത് തന്നെയാണ് ബിജെപിയ്ക്ക് എതിരെ പോരാടാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നതെന്ന് ടെക്സസിൽ നടന്ന ഒരു പരിപാടിയ്ക്കിടെ രാഹുൽ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ സ്ത്രീകളെ മുൻനിരയിലേയ്ക്ക് എത്തിക്കാൻ ബിജെപി ശ്രമിക്കുന്നില്ല. അവരെ അടുക്കളയിൽ തളച്ചിടാനാണ് ബിജെപിയ്ക്ക് താത്പ്പര്യം. എന്നാൽ, സ്വപ്നങ്ങൾ സ്വന്തമാക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് ഉണ്ടാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു. അതേസമയം, വിദേശ രാജ്യങ്ങളിലെ സന്ദർശനങ്ങൾ ഇന്ത്യയെ അപമാനിക്കാൻ മാത്രമാണ് രാഹുൽ ഉപയോഗിക്കുന്നതെന്ന വിമർശനവുമായി ബിജെപിയും രംഗത്തെത്തിക്കഴിഞ്ഞു.
content highlight: rahul-gandhi about modi