വിവിധ ആവശ്യങ്ങളുന്നയിച്ച് ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ആള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (എ.ഐ.ബി.ഇ.എ ) പിന്തുണ പ്രഖ്യാപിക്കുന്നു. ഫെഡറല്‍ ബാങ്കിലെ ക്ലാര്‍ക്ക്, പ്യൂണ്‍, സ്വീപ്പര്‍ തസ്തികകളില്‍ ആയിരക്കണക്കിന് ഒഴിവുകള്‍ നികത്തുക, പുറംകരാര്‍വല്‍ക്കരണം നിര്‍ത്തലാക്കുക, ഇന്‍ഷ്വറന്‍സ് – മ്യൂച്ച്വല്‍ ഫണ്ട് ഉല്‍പന്നങ്ങള്‍ ഇടപാടുകാരില്‍ അടിച്ചേല്‍പ്പിക്കുവാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്ന രീതി ഉപേക്ഷിക്കുക, തൊഴില്‍നിയമങ്ങള്‍ മാനിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സെപ്തംബര്‍ 13ന് പട്ടിണി ധര്‍ണയും 28ന് ഹെഡ്ഡാഫീസ് മാര്‍ച്ചും യൂണിയന്റെ ആഭിമുഖ്യത്തില്‍ നടക്കും.
സെപ്തംബര്‍ 13ലെ പട്ടിണി ധര്‍ണ ആലുവയില്‍ മുന്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. രാജ്യമെമ്പാടുമുള്ള ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ അംഗങ്ങളോടൊപ്പം വിവിധ ബാങ്കുകളിലെ എ.ഐ.ബി.ഇ.എ യൂണിയന്‍ നേതാക്കള്‍ അതാതു സ്ഥലങ്ങളില്‍ അന്നേ ദിവസം ഉപവസിക്കും. ബാങ്കില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഇടപാടുകാര്‍ക്ക് ലഭിക്കേണ്ട സേവനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. 4.86 ലക്ഷം കോടി രൂപയുടെ ബിസിനസ് കയ്യാളുന്ന ഫെഡറല്‍ ബാങ്കിന്റെ വായ്പാ നിക്ഷേപ അനുപാതം ദേശീയ തലത്തില്‍ 82 ശതമാനമാണെങ്കില്‍ കേരളത്തിലത് കേവലം 43 ശതമാനമേയുള്ളു.
ഇത് ഗൗരവമായ പോരായ്മയാണ്. കേരളത്തിന്റെ വികസനത്തിലും ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിലും ഗണ്യമായ പങ്ക് വഹിക്കേണ്ട ബാങ്കിന്റെ സേവനങ്ങള്‍ ചുരുങ്ങുവാനുള്ള കാരണങ്ങളിലൊന്ന് ബാങ്ക് കൗണ്ടറുകളിലും ബാക്ക് ഓഫീസുകളിലുമുള്ള ജീവനക്കാരുടേ കുറവാണ്. ഇത് പരിഹരിക്കുവാന്‍ അടിയന്തിരമായി നിയമനങ്ങള്‍ നടത്തണം, ഒഴിവുകള്‍ നികത്തണം. ജീവനക്കാരുടെ ഒഴിവുകള്‍ സ്ഥിരം നിയമനങ്ങള്‍ വഴി നികത്തുന്നതിന് പകരം പുറംകരാര്‍വല്‍ക്കരണം, താത്കാലിക ജീവനക്കാരെ നിയോഗിക്കല്‍ തുടങ്ങിയ രീതികളാണ് മാനേജ്‌മെന്റ് അനുവര്‍ത്തിക്കുന്നത്.
മാന്യമായ സേവന വ്യവസ്ഥകളോടുകൂടിയ തൊഴിലുകളുടെ സൃഷ്ടിയ്ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തലങ്ങളില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഉളള തൊഴിലുകളെ പോലും അസ്ഥിരപ്പെടുത്തുന്നതും തുച്ഛവേതനം മാത്രം വിതരണം ചെയ്യുന്നതുമായ രീതികള്‍ അംഗീകരിക്കാനാവില്ല. ഇത് തൊഴിലില്ലാത്തവരെ നഗ്‌നമായി ചൂഷണം ചെയ്യലാണ്. ബാങ്കിലെ ഉന്നതാധികാരികളുടെ വരുമാനവും ശരാശരി ജീവനക്കാരുടെ വേതനവും തമ്മിലുളള വിടവും അന്തരവും അനുപാതവുമെല്ലാം വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുമ്പോഴും ചെലവുചുരുക്കലിന്റെ പേരും പറഞ്ഞ് തൊഴില്‍ ചൂഷണം ചെയ്യുന്നത് അനീതിയും അന്യായവുമാണ്. ഇത് അംഗീകരിക്കാനാവില്ല.
ബാങ്ക് അവശ്യം നല്‍കേണ്ട സേവനങ്ങളും വിതരണം ചെയ്യേണ്ട ബാങ്കിംഗ് ഉല്‍പന്നങ്ങളും പാടെ വിസ്മരിച്ച്, ഇടപാടുകാര്‍ ആവശ്യപ്പെടാതെ തന്നെ അവരില്‍ ഇന്‍ഷ്വറന്‍സ്, മ്യൂച്ചല്‍ ഫണ്ട് ഉല്‍പന്നങ്ങള്‍ അടിച്ചേല്‍പ്പിക്കുവാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്ന മാനേജ്‌മെന്റ് അധികാരികള്‍, അടിസ്ഥാന ബാങ്കിംഗ് സേവന തത്വങ്ങളെ ബലി കഴിക്കുകയാണ്. റിസര്‍വ്വ് ബാങ്കിന്റെ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ലംഘിച്ചുള്ള ഇത്തരം ബിസിനസ് രീതികള്‍ ബാങ്കിന് ഭൂഷണമല്ല. ഇന്‍സെന്റീവിനും പാരിതോഷികങ്ങള്‍ക്കും വേണ്ടിയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പരക്കംപാച്ചിലിനിടയില്‍ പാവം ബാങ്കിടപാടുകാരാണ് പ്രശ്‌നത്തിലാകുന്നത്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ജീവനക്കാരെയും യൂണിയന്‍ പ്രതിനിധികളേയും നിശബ്ദരാക്കുവാന്‍ സ്ഥലംമാറ്റം, സസ്‌പെന്‍ഷന്‍, പിരിച്ചുവിടല്‍ എന്നിവയെല്ലാം മാനേജ്‌മേന്റ് ആയുധമാക്കുന്നു. ഇത്തരം ബിസിനസ് രീതിയ്‌ക്കെതിരെ സമീപകാലത്ത് 5.72 കോടി രൂപ റിസര്‍വ് ബാങ്ക് പിഴ ചുമത്തിയത് ബാങ്കിലെ ഉന്നതര്‍ സൗകര്യപൂര്‍വ്വം മറക്കുന്നു. ബാങ്കിലെ ഭൂരിപക്ഷ അംഗീകൃത യൂണിയനായ ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയനുമായി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിന് പകരം ഭരണഘടനയും തൊഴില്‍ നിയമങ്ങളും അനുശാസിക്കുന്ന അഭിപ്രായപ്രകടനത്തിനും ഒത്തുകൂടുവാനുമുള്ള സ്വാതന്ത്ര്യങ്ങളേയും പ്രതികരിക്കുവാനും സമരം ചെയ്യുവാനുള്ള ട്രേഡ് യൂണിയന്‍ അവകാശങ്ങളേയും നിഷേധിക്കുവാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്.
യൂണിയനുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെയും യൂണിയന്‍ പ്രതികരിക്കുമ്പോള്‍ കോടതി വ്യവഹാരങ്ങളിലൂടെ താമസിപ്പിക്കുവാനുമുള്ള അന്യായമായ തൊഴില്‍ രീതികളാണ് മാനേജ്‌മെന്റ് അനുവര്‍ത്തിക്കുന്നത്. ഇത്തരം കിരാത ബിസിനസ് തൊഴില്‍ രീതികള്‍ ഉപേക്ഷിച്ച് ബാങ്കിന്റേയും ഇടപാടുകാരുടേയും തൊഴില്‍ശക്തിയുടേയും താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി യൂണിയന്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ മാന്യമായി യൂണിയനുമായി ചര്‍ച്ച ചെയ്തു പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഫെഡറല്‍ ബാങ്ക് മാനേജ്‌മെന്റിനോട് ആള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (എ ഐ ബി ഇ എ ) ശക്തമായി ആവശ്യപ്പെടുന്നു.
CONTENT HIGHLIGHTS;Hunger strike at Federal Bank on 13th : March 28 to bank headquarters