തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് നാലുകൊല്ലം പൂഴ്ത്തിവെച്ചതിന് ഹൈക്കോടതി സർക്കാരിനെ നിർത്തി പൊരിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഹൈക്കോടതി നിർദ്ദേശം പിണറായി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് പറഞ്ഞ സുരേന്ദ്രൻ കേരളത്തിലെ സ്ത്രീകളോട് സർക്കാർ മാപ്പ് പറയണം എന്നും ആവശ്യപ്പെട്ടു. സിനിമ മേഖലയിലെ മാത്രമല്ല സംസ്ഥാനത്തെ മുഴുവൻ സ്ത്രീകളോടും ഉള്ള വെല്ലുവിളിയാണ് ഇടതുപക്ഷ സർക്കാർ നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ഇത്രയും സ്ത്രീവിരുദ്ധമായ സർക്കാർ കേരളം ഭരിച്ചിട്ടില്ലെന്നും സുരേന്ദ്രൻ ആഞ്ഞടിച്ചു.
ഹേമ കമ്മിറ്റി പൂർണ റിപ്പോർട്ട് എസ്ഐടിക്ക് വിടാനുള്ള കോടതിയുടെ തീരുമാനം സർക്കാരിന് കനത്ത തിരിച്ചടിയാണ്. മുകേഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ അപ്പീൽ കൊടുക്കാനുള്ള എസ്ഐടിയുടെ നീക്കം സർക്കാർ അട്ടിമറിക്കുകയായിരുന്നു. എസ്ഐടിയെ കൂട്ടിലിട്ട തത്തയാക്കാനായിരുന്നു തുടക്കം മുതൽ സർക്കാർ ശ്രമിച്ചത്. വേട്ടക്കാരോടൊപ്പമാണ് തങ്ങളെന്ന് പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു പിണറായി വിജയനും സംഘവും ചെയ്തത്. സിപിഎമ്മിന്‍റെ സ്ത്രീ സൗഹൃദ നിലപാടിലെ ഇരട്ടത്താപ്പ് ജനങ്ങൾക്ക് ബോധ്യമായതായും കെ.സുരേന്ദ്രൻ പറഞ്ഞു.
content highlight: k-surendran-demand-apology-from-pinarayi-goverment-