കടവന്ത്രയില്‍നിന്ന് കാണാതായ സുഭദ്രയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആലപ്പുഴ കലവൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ സുഭദ്രയുടേത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. സുഭദ്രയുടെ മക്കളായ രാധാകൃഷ്ണനും രഞ്ജിത്തുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സുഭദ്രയുടെ കാലിലെ ബാന്റേഡ് ഉള്‍പ്പടെ മക്കള്‍ തിരിച്ചറിഞ്ഞു. സുഭദ്ര മുട്ടുവേദനയ്ക്ക് ബാന്റേഡ് ഉപയോഗിച്ചിരുന്നു.
കാട്ടൂര്‍ സ്വദേശികളായ മാത്യുസ് ശര്‍മിള ദമ്പതികള്‍ താമസിക്കുന്ന വീടിന്റെ ശുചിമുറിയോട് ചേര്‍ന്നായിരുന്നു മൃതദേഹം. മാത്യുസും ശര്‍മിളയും ഒളിവിലാണ്. സുഭദ്രയും ശര്‍മിളയും പരിചയക്കാരെന്ന് അയല്‍വാസികള്‍ പറഞ്ഞു. തീര്‍ത്ഥാടന യാത്രക്കിടെയാണ് ശര്‍മ്മിളയെ സുഭദ്ര പരിചയപ്പെട്ടതെന്നാണ് വിവരം. 73 വയസുകാരിയായ സുഭദ്ര മറ്റൊരു തീര്‍ത്ഥാടന യാത്രക്ക് വേണ്ടി ശര്‍മ്മിളയുടെ വീട്ടിലേക്ക് പോയതാവാമെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. സെപ്തംബര്‍ നാലിന് വീട്ടില്‍ നിന്ന് ഇറങ്ങിയ സുഭദ്രയെ കാണാതായതിന് പിന്നാലെ സെപ്തംബര്‍ ഏഴിനാണ് മകന് രാധാകൃഷ്ണന് പൊലീസിന് പരാതി നല്‍കിയത്. ക്ഷേത്ര ദര്‍ശനത്തിന് പോയ അമ്മ തിരികെ വന്നില്ലെന്നാണ് പരാതി. സുഭദ്രയെ സ്വര്‍ണവും പണവും കവര്‍ന്ന ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സുഭദ്ര ഒറ്റയ്ക്കായിരുന്നു കടവന്ത്രയിലെ വീട്ടില്‍ താമസിച്ചിരുന്നതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇവരെ കാണാന്‍ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നു. അവര്‍ക്കൊപ്പമാണ് കൊച്ചിയില്‍ നിന്ന് പോയതെന്നും സുഭദ്രയുടെ പക്കല്‍ സ്വര്‍ണവും പണവും ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. ഇത് കവര്‍ന്ന ശേഷമുളള കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകമെന്ന് സംശയമുയര്‍ന്നതോടെ കേസ് ആലുപ്പുഴ പൊലീസിന് കൈമാറുകയായിരുന്നെന്ന് കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കി.
content highlight: subhadra missing case