ഇംഫാൽ: മണിപ്പൂരിൽ താൽക്കാലികമായി ഇന്റർനെറ്റ് സേവനങ്ങൾ വിലക്കി. സെപ്റ്റംബർ 15 വരെ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. മൊബൈൽ ഡേറ്റ സർവീസുകൾ, ലീസ് ലൈൻ, വി.എസ്.എ.ടി, ബ്രോഡ്ബാൻഡ്, വി.പി.എൻ സേവനങ്ങൾ റദ്ദാക്കി.
സംഘർഷം രൂക്ഷമാകുകയും വിദ്യാർഥി പ്രക്ഷോഭം വ്യാപകമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. മണിപ്പൂർ മുൻ മുഖ്യമന്ത്രിയുടെ വീടിന് നേരെ ഡ്രോൺ ആക്രണമുണ്ടായതോടെയാണ് സംസ്ഥാനത്ത് വീണ്ടും സംഘർഷമുണ്ടായത്.
തിങ്കളാഴ്ച നൂറുകണക്കിന് വിദ്യാർഥികൾ ക്യാമ്പസിലും ഇംഫാലിലെ തെരുവുകളിലും പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തി. ആക്രമണത്തിനു പിന്നിലുള്ളവർക്കു നേരെ നടപടി വേണമെന്നും സംസ്ഥാനത്തെ ക്രമസമാധാനനില പുനഃസ്ഥാപിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച പ്രക്ഷോഭകർ രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. സംഘർഷത്തിൽ കലാശിച്ചതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഡി.ജി.പിയെയും സർക്കാറിന്റെ സുരക്ഷാ ഉപദേശകനെയും നീക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ തൗബാലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.