കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ അന്വേഷണസംഘത്തിനെതിരെ പരാതിക്കാരിയായ നടി. പോലീസ് സംഘം തന്റെ സ്വകാര്യത നശിപ്പിക്കുന്നതായാണ് ആലുവ സ്വദേശിനിയായ നടിയുടെ പരാതി. തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്തെന്നും പാസ് വേഡ് നശിപ്പിച്ചെന്നും അവർ പറഞ്ഞു.
‘എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ അവര്‍ ഇടപെടുകയാണ്. എന്റെ കയ്യിലുള്ള എല്ലാ വിവരങ്ങളും അവര്‍ക്ക് കൊടുത്തു. ഫോണില്‍നിന്നും ലാപ് ടോപ്പില്‍നിന്നും കമ്പ്യൂട്ടറില്‍നിന്നെല്ലാമുള്ള വിവരങ്ങള്‍ അവരെടുത്തു. എല്ലാം എടുത്തോട്ടേ. എന്റെ ഫെയ്‌സ്ബുക്ക് ആക്‌സസ് അവരില്ലാതാക്കിക്കളഞ്ഞിരിക്കുന്നു എന്നതാണ് സങ്കടം. ഞാന്‍ പൊതുജനങ്ങളുമായി ഇടപെടുന്നത് ഇല്ലാതാക്കിയിരിക്കുകയാണ്. എനിക്കൊരു സ്വകാര്യതവേണ്ടേ? സമാധാനത്തോടെ ജീവിക്കുന്ന വീടാണ്. ഇവര്‍ എന്നും കയറിവന്നാല്‍ ഞാനെന്തുചെയ്യും?’ അവര്‍ ചോദിച്ചു.
നടന്മാരായ ജയസൂര്യ, മുകേഷ്, ഇടവേള ബാബു എന്നിവര്‍ക്കെതിരെ പരാതി നല്‍കിയ നടിയാണ് ഇപ്പോള്‍ അന്വേഷണസംഘത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘത്തോട് എല്ലാ രീതിയിലും സഹകരിച്ചുകൊണ്ടിരിക്കുകയാണെന്ന് നടി പറഞ്ഞു. എന്നാല്‍ പോലീസ് സംഘം തന്നോട് ചെയ്യുന്നത് അല്‍പ്പം കൂടുതലാണെന്നും അവര്‍ വ്യക്തമാക്കി.
പരാതിയിൽ ഒരു മാറ്റവുമില്ല, അതിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ അന്വേഷണസംഘത്തിന്റെ ഉപദ്രവം ഇനി മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.