കൊല്ലം: കോണ്‍ഗ്രസിന് ആര്‍എസ്എസ് ബന്ധമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ബിജെപിയുടെ അധികാരത്തിലും ഔദാര്യത്തിലുമാണ് പിണറായി സര്‍ക്കാര്‍ നിലനിന്നു പോകുന്നതെന്ന് കെ സുധാകരൻ പരിഹസിച്ചു.
ബിജെപിയുടെയും ആര്‍എസ്എസിന്റെയും സഹായമില്ലായിരുന്നെങ്കില്‍ എന്നേ ജയിലില്‍ പോകേണ്ട വ്യക്തിയാണ് മുഖ്യമന്ത്രി. സ്വർണക്കടത്ത്, ഡോളര്‍ക്കടത്ത് ഉള്‍പ്പെടെ ഇതിനോടകം പിണറായി വിജയനെതിരെ എത്രയോ കേസുകള്‍ എടുക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്. ഗുരുതര ക്രമക്കേടുകളുടെ പേരില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ പോയപ്പോള്‍ അദ്ദേഹത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി ശിക്ഷിക്കപ്പെട്ടില്ല. ഇതെല്ലാം ഒത്തുതീര്‍പ്പിന്റെ ഭാഗമാണ്.
ഒരു കേസിലും പ്രതിയാക്കാതെ കേന്ദ്ര സര്‍ക്കാര്‍ പിണറായിയെ സംരക്ഷിച്ചു നിര്‍ത്തി. അതിനുള്ള നന്ദിയായിട്ടാണ് പിണറായി വിജയന്‍ ആര്‍എസ്എസിനെയും ബിജെപിയെയും താങ്ങി നടക്കുന്നത്. ആര്‍എസ്എസിനെ മഹത്വവൽകരിക്കുകയാണ് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. സ്പീക്കറുടെ പ്രതികരണം ആര്‍എസ്എസിന്റെ മുഖം മിനുക്കുന്നതിനാണെന്നും കെ.സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് എംപി ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയെന്ന് വാര്‍ത്ത വെറും ഊഹാപോഹമാണ്. തെളിവില്ലാത്ത ആരോപണങ്ങള്‍ ആര്‍ക്കു വേണമെങ്കിലും ഉന്നയിക്കാം. അതെല്ലാം സത്യമാകണമെന്നില്ല. ഇത്തരത്തില്‍ ഒരു വിവരവും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. എന്‍എച്ച്എഐ പാനലില്‍ ചാണ്ടി ഉമ്മന്‍ ഉള്‍പ്പെട്ടത് അഭിഭാഷകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് കിട്ടിയ അംഗീകാരം മാത്രമായാണ് കാണുന്നത്. കേസുകളില്‍ സ്വീകരിക്കുന്ന ന്യായമാണ് പ്രധാനം. അതില്‍ മാറ്റം വരുകയാണെങ്കില്‍ അപ്പോള്‍ നോക്കാമെന്നും കെ.സുധാകരന്‍ പറഞ്ഞു.
തലശേരി കലാപത്തിന്‍റെ ഉത്തരവാദി സിപിഎമ്മാണ്. എന്നിട്ടും അവർ പാഠം പഠിച്ചില്ല. മുഖ്യമന്ത്രിയെ സിപിഎമ്മിനും മടുത്തു. കണ്ണൂരിൽ അതൃപ്തിയുണ്ടെന്നും കെ സുധാകരന്‍ ആരോപിപ്പിച്ചു. മുഖ്യമന്ത്രിക്ക് സത്യം പറയനാകില്ല. കളവ് പറഞ്ഞാണ് വളർന്നതെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റവാളികൾക്ക് ശിക്ഷ വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. മുകേഷ് അടക്കം പ്രതിയാണ്. അതുകൊണ്ടാണ് റിപ്പോർട്ടിന് മേൽ മുഖ്യമന്ത്രി അടയിരുന്നത്. അന്നും ഇന്നും പിണറായി വിജയനെ എനിക്കറിയാം. ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ തന്നെ ഏകാധിപതിയായിരുന്നു. തലശേരി കലാപത്തിന്‍റെ തുടക്കക്കാരൻ പിണറായി വിജയനാണ്. കോടാനു കോടി സമ്പത്ത് ഉണ്ടാക്കിയ മുഖ്യമന്ത്രി കേരളത്തിൽ വേറെ ഇല്ല. ലാവലിൻ കേസ് എടുത്താൽ പിണറായി അകത്തുപോകുമെന്ന് കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ തരത്തിലും ബിജെപിയുടെ വിധേയനായി പിണറായി മാറിയെന്നും കുടുംബത്തെ രക്ഷിക്കാനും ഭാര്യയ്ക്കും മക്കൾക്കും പണമുണ്ടാക്കാനും ഭരണത്തെ ദുരുപയോഗം ചെയ്‍തെന്നും കെപിസിസി പ്രസിഡന്‍റ് വിമര്‍ശിച്ചു.