UAE

ദുബൈ മെട്രോയുടെ 15-ാം വാര്‍ഷികം; 10,000 മെട്രോ നോള്‍ കാര്‍ഡുകള്‍ സൗജന്യമായി വിതരണം ചെയ്തു

എയര്‍പോര്‍ട്ട് ടെര്‍മിനലുകള്‍ 1, 3 എന്നിവിടങ്ങളിലാണ് നോള്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത്

ദുബൈ: ദുബൈ മെട്രോയുടെ 15-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ 10,000 മെട്രോ നോള്‍ കാര്‍ഡുകള്‍ സൗജന്യമായി വിതരണം ചെയ്തു. എയര്‍പോര്‍ട്ടില്‍ യാത്ര ചെയ്യുന്നവരുടെ പാസ്‌പോര്‍ട്ടുകളില്‍, ദുബായ് മെട്രോയുടെ സ്മരണക്കായി പ്രത്യേക സ്റ്റാമ്പുകളും പതിച്ചു നല്‍കി. എയര്‍പോര്‍ട്ട് ടെര്‍മിനലുകള്‍ 1, 3 എന്നിവിടങ്ങളിലാണ് നോള്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത്.

എമിറേറ്റില്‍, ആധുനികവും സുസ്ഥിരവുമായ ഗതാഗത പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനും യാത്രക്കാര്‍ക്ക് തടസ്സമില്ലാത്തതും സമഗ്രവുമായ യാത്രാനുഭവം പ്രദാനം ചെയ്യാനുമുള്ള ശ്രമങ്ങളെ സംരംഭം പിന്തുണയ്ക്കുന്നുവെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. ഈ സംരംഭം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

ദുബൈ മെട്രോ നഗരത്തിന്റെ ഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായി മാറി. ഈ സംരംഭം സുസ്ഥിരമായ നഗരത്തെ പിന്തുണയ്ക്കുകയും, ദുബായുടെ ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന് സംഭാവന നല്‍കുകയും ചെയ്യുന്നതാണ് എന്ന് അധികൃതര്‍ പറഞ്ഞു.

STORY HIGHLIGHTS: Dubai Metro turns 15