തിരുവനന്തപുരം: ആർഎസ്എസുമായി ഡീലുണ്ടാക്കാൻ എഡിജിപിയെ ചുമതലപ്പെടുത്തേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് എംവി ഗോവിന്ദൻ. ആർ.എസ്.എസ് സർ സംഘ് ചാലക് മോഹൻ ഭാഗവതിനെ തന്നെ ബന്ധപ്പെടാൻ സൗകര്യമുള്ള പാർട്ടിയാണ് സി.പി.എം എന്നും ഗോവിന്ദൻ പറഞ്ഞു. സിപിഎം കോവളം ഏരിയാ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനവും സിപിഎം നിർമ്മിച്ച് നൽകുന്ന 11 വീടുകളുടെ താക്കോൽദാനവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസുമായി ബന്ധപ്പെടാൻ സി.പി.എം എ.ഡി.ജി.പിയെ അയച്ചുവെന്നത് ശുദ്ധഅസംബന്ധമാണ്. ആരെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാറിനില്ല. തെറ്റ് ചെയ്തവർക്ക് എതിരെ ശക്തമായ നടപടിയുണ്ടാകും. തെറ്റായ പ്രചാരണത്തിലൂടെ ഇടതുമുന്നണിയെ നിർജീവമാക്കാൻ കഴിയുമെന്നത് തെറ്റായ വിചാരമാണ്. പാർട്ടി പ്രതിരോധത്തിലാണ് എന്നാണ് എപ്പോഴും മാധ്യമങ്ങൾ പറയുന്നത്. ഞങ്ങൾ ഒരു പ്രതിരോധത്തിലുമല്ല.
ഇപ്പോൾ ബ്രാഞ്ച് സമ്മേളനത്തെ വെച്ച് സിപിഎമ്മിനെ വിമർശിക്കുന്നു. ബ്രാഞ്ച് സമ്മേളനം നടത്തുന്നത് തന്നെ വിമർശിക്കാനാണ്. സമ്മേളനങ്ങളിൽ വിമർശനവും പരിശോധനയും സ്വയം തിരുത്തലും ഉണ്ടാകും. പിവി അൻവർ ഉന്നയിച്ച വിവാദ സംഭവങ്ങളിൽ അന്വേഷണം നടക്കുകയാണ്. ആ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാരുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു..
മൂന്നാം ഇടതു സർക്കാർ അധികാരത്തിൽ വരുമെന്നതിൽ യാതൊരു സംശയവും വേണ്ട. ഇക്കാര്യം താൻ ആദ്യം പറയുമ്പോൾ ആരും കൈയടിച്ചിരുന്നില്ല. ഇപ്പോൾ ആളുകൾ കൈയടിക്കാൻ തുടങ്ങിയിരിക്കുന്നു. അർഹരായവർക്കുള്ള ഒരു ആനുകൂല്യവും മുടങ്ങില്ല. മുൻഗണന നിശ്ചയിച്ച് സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.