കൊച്ചി: എറണാകുളം പനങ്ങാട് കെഎസ്ഇബി ജീവനക്കാർക്ക് വീട്ടുടമയുടെ ക്രൂര മർദനം. വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനെത്തിയ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പനങ്ങാട് സ്വദേശി ജൈനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ വീഴ്ച്ച വരുത്തിയ പനങ്ങാട് കാമോത്തുളള ജൈനിയുടെ വീട്ടിലെത്തിയ ജീവനക്കാര്‍ക്കാണ് ക്രൂര മര്‍ദനമേറ്റത്. വീട്ടിലെ വാടകക്കാരനായ ജൈനിയോട് വൈദ്യുതി വിച്ഛേദിക്കുമെന്നറിയിച്ചപ്പോഴായിരുന്നു ആക്രമണം. വീട്ടിൽ നിന്ന് പുറത്തിറങ്ങടാ ആക്രോശിച്ചായിരുന്നു ജെയ്നി ജീവനക്കാരെ മർദിച്ചത്.
വീടിനുള്ളിൽ നിന്ന് വടിയുമായെത്തിയ ഇയാൾ ജീവനക്കാരെ ക്രൂരമായി മർദിക്കുകയായിരുന്നു. ലൈന്മാന് കുഞ്ഞിക്കുട്ടന്റെ കൈയ്ക്കും താത്കാലിക ജീവനക്കാരനായ രോഹിതിന്റെ തലയ്ക്കും മര്‍ദ്ദനമേറ്റു. തടയാന്‍ ശ്രമിക്കവെ രോഹിതിന്റെ ഫോണ്‍ തകര്‍ന്നു. ഇരുവരും തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.
സംഭവത്തില്‍ ആയുധം ഉപയോഗിച്ച് ആക്രമിച്ചതും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതുമടക്കമുളള വകുപ്പുകൾ ചുമത്തി ജൈനിക്കെതിരെ പനങ്ങാട് പൊലീസ് കേസെടുത്തു. ജൈനിയുടെ പേരിൽ സമാനമായ പരാതികൾ മുൻപും ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.