India

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്: ബി.ജെ.പി രണ്ടാം പട്ടിക പുറത്തിറക്കി, 21 സ്ഥാനാർത്ഥികള്‍

ചത്തിസ്ഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 21 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക ബി.ജെ.പി പുറത്തിറക്കി. രണ്ട് മന്ത്രിമാരുൾപ്പെടെ ആറ് സിറ്റിങ് എം.എൽ.എമാരെ ഒഴിവാക്കി. 90 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഇതുവരെ 87 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

കോൺഗ്രസ് സ്ഥാനാർഥി വിനേഷ് ഫോഗട്ടിനെതിരെ ജുലാനയിൽ നിന്നുള്ള പാർട്ടി യുവ നേതാവ് യോഗേഷ് ബൈരാഗിയെയാണ് മൽസരിപ്പിക്കുക. ഭാരതീയ ജനതാ യുവമോർച്ച വൈസ് പ്രസിഡന്‍റും ബി.ജെ.പി ഹരിയാന സ്‌പോർട്‌സ് സെല്ലി​ന്‍റെ സഹ കൺവീനറുമാണ് യോഗേഷ് ബൈരാഗി.

രണ്ടാം പട്ടികയിൽ മുൻ മന്ത്രിമാരായ കൃഷൻ കുമാർ ബേദിയെയും മനീഷ് ഗ്രോവറിനെയും നർവാന, റോഹ്തക് സീറ്റുകളിൽ നിന്ന് മത്സരിപ്പിക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി നയാബ് സിങ് സൈനിയുടെ അടുത്തയാളായി കണക്കാക്കുന്ന പവൻ സൈനിയെ നാരൈൻഗർ സീറ്റിൽ നിന്നും സത്പാൽ ജാംബയെ പുണ്ഡ്രിയിൽനിന്നും മത്സരിപ്പിക്കും. പാർട്ടിയുടെ പെഹോവ സ്ഥാനാർത്ഥി സർദാർ കമൽജീത് സിങ് അജ്രാനയെ പ്രാദേശിക നേതാക്കളുടെ എതിർപ്പ് ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് മാറ്റി. മുസ്‍ലിം നേതാക്കളായ നസീം അഹമ്മദ്, ഐസാസ് ഖാൻ എന്നിവർ ഫിറോസ്പൂർ ജിർക്കയിൽനിന്നും പുൻഹാനയിൽ നിന്നും മത്സരിക്കുന്നുണ്ട്.

സെപ്തംബർ 4ന് 67 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ പ്രതിഷേധിച്ച് പാർട്ടിയുടെ സിർസ പ്രസിഡന്‍റ് ആദിത്യ ദേവി ലാൽ രാജിവച്ച് ഇന്ത്യൻ നാഷണൽ ലോക്ദളിൽ ചേർന്നതിനെത്തുടർന്ന് സർദാർ ബൽദേവ് സിങ്ങിനെ ദബ്വാലിയിൽ നിന്ന് പാർട്ടി നോമിനിയായി നാമനിർദേശം ചെയ്തു.

67 സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് ബി.ജെ.പി ആദ്യ പട്ടിക പുറത്തുവിട്ടത്. ഇതില്‍ ഒമ്പത് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി സീറ്റ് നിഷേധിക്കുകയും ചെയ്തു. തുടര്‍ന്നാണ് മന്ത്രിമാര്‍ അടക്കം പദവികള്‍ ഒഴിഞ്ഞത്.

വൈദ്യുതി-ജയില്‍ വകുപ്പ് മന്ത്രി രഞ്ജിത് സിങ് ചൗട്ടിയയാണ് രാജിവെച്ച മന്ത്രി. ചൗട്ടിയയ്ക്ക് പുറമെ രതിയ എം.എല്‍.എ ലക്ഷ്മണന്‍ നാപ, മുന്‍ മന്ത്രി കരണ്‍ ദേവ് കാംബേജ് എന്നിവര്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് പുറത്തുപോയിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കുമെന്നും സൂചനയുണ്ട്.