തിരുവനന്തപുരം: എഡിജിപി-എം.ആർ അജിത് കുമാർ – ആർഎസ്എസ് നേതാവ് കൂടിക്കാഴ്ച വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ എൽഡിഎഫ് യോഗം ഇന്ന് വൈകിട്ട് ചേരും. എഡിജിപിക്കെതിരെ നടപടിയെടുക്കാത്തതിൽ മുന്നണിക്കുള്ളിലുള്ള അതൃപ്തി ഇന്ന് ഘടകകക്ഷികൾ യോഗത്തിൽ പ്രകടമാക്കുമോ എന്ന് ഏവരും ഉറ്റുനോക്കുന്നുണ്ട്. അജിത് കുമാറുമായി ബന്ധപ്പെട്ട് അടക്കമുള്ള വിഷയങ്ങളിലുള്ള വിശദീകരണം മുഖ്യമന്ത്രി യോഗത്തിൽ നൽകിയേക്കും. എൽഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയവും യോഗത്തിൽ ചർച്ചയ്ക്ക് വന്നേക്കും.
അജിത്കുമാറിനെ മാറ്റണമെന്ന നിലപാടിലാണ് സിപിഐയും ആര്‍ജെഡിയും. മലപ്പുറത്ത് അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കണക്കിലെടുത്ത് ജില്ലയിലെ എസ്പിയേയും ഡിവൈഎസ്പിമാരെയും സ്ഥലം മാറ്റിയിരുന്നു. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചേക്കും.
സംഘപരിവാർ വിരുദ്ധ പോരാട്ടമെന്ന് പരസ്യമായി പറയുമ്പോഴും ആർഎസ്എസിന്റെ പ്രധാനിയുമായി പൊലീസ് തലപ്പത്തുള്ളയാൾ കൂടിക്കാഴ്ച നടത്തിയതിൽ നടപടിയില്ലാത്തത് പൊതുസമൂഹത്തിന് മുന്നിൽ സംശയത്തിന് ഇട നൽകിയിട്ടുണ്ടെന്ന് ചില ഘടകകക്ഷികൾക്ക് അഭിപ്രായമുണ്ട്. ഇത്തരം നിലപാടുള്ളവർ യോഗത്തിൽ അത് തുറന്നു പറയുമോ എന്നതാണ് ഇനി അറിയേണ്ടത്. എഡിജിപിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പരിശോധന നടക്കുന്നുണ്ടെന്നും അതിൽ റിപ്പോർട്ട് കിട്ടിയശേഷം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറയാനാണ് സാധ്യത. അജിത് കുമാറിനോട്മുമുഖ്യമന്ത്രി മൃദുസമീപനം സ്വീകരിക്കുന്നതിൽ സിപിഎമ്മിനുള്ളിലും എതിരഭിപ്രായമുണ്ട്.
എന്നാൽ മുന്നണി യോഗത്തിൽ അത് ഉയർന്നു വരാൻ സാധ്യത കുറവാണ്.ആർഎസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്ന് പറഞ്ഞ സ്പീക്കർ എ.എൻ ഷംസീറിന്റെ വാക്കുകളും യോഗത്തിൽ വിമർശനത്തിന് വിധേയമായേക്കും. സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം സംബന്ധിച്ച ഏകദേശ ധാരണ സിപിഎം നേതൃതലത്തിൽ ഉണ്ടായിട്ടുണ്ട്. ഒന്നാം തീയതി ഡ്രൈ ഡേ ഒഴിവാക്കണം എന്ന ആവശ്യം സർക്കാരിന് മുന്നിൽ ഉണ്ടായിരുന്നെങ്കിലും അത് പൂർണമായി അംഗീകരിച്ചിട്ടില്ല. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഒന്നാം തീയതി ചില ഇളവുകൾ നൽകുന്നതാണ് പരിഗണയിലുള്ളത്. ഇതും ഇടതുമുന്നണി യോഗത്തിൽ ചർച്ചയ്ക്ക് വരാൻ സാധ്യതയുണ്ട്.