തിരുവനന്തപുരം: ആർഎസ്എസ് നേതാവ് റാം മാധവിനെ എഡിജിപി എം.ആർ.അജിത്കുമാർ കോവളത്തു കണ്ടപ്പോൾ ഒപ്പമുണ്ടായിരുന്നുവെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്ത 3 പേർ ആരായിരുന്നുവെന്നതിൽ അഭ്യൂഹങ്ങൾ ശക്തം.
ചെന്നൈയിലെ മലയാളി വ്യവസായിയും ബിഎൽഎം ഗ്രൂപ്പ് ചെയർമാനുമായ ആർ.പ്രേംകുമാർ, മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരന്റെ കൊച്ചുമകനും കൈരളി ടിവി മാർക്കറ്റിങ് മാനേജരുമായ ജിഗീഷ് നാരായൺ, ആർഎസ്എസ് നേതാവ് എ.ജയകുമാർ എന്നിവരുടെ പേരുകളാണു പ്രചരിക്കുന്നത്.
മാധ്യമങ്ങളോടു കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു ജയകുമാറിന്റെ പ്രതികരണം. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി അജിത് നടത്തിയ കൂടിക്കാഴ്ചയിൽ പങ്കെടുത്തത് നേരത്തേ ജയകുമാർ സ്ഥിരീകരിച്ചിരുന്നു.
‘‘പല നേതാക്കളെയും പരിചയമുണ്ട്. അജിത്കുമാറിനൊപ്പം റാം മാധവിനെ കണ്ടിട്ടില്ല. അതിന്റെ ആവശ്യമില്ല. ആരോപണമുന്നയിച്ചവർ തെളിവുകൾ പുറത്തുവിടട്ടെ. എന്റെ ഫോൺ രേഖകളടക്കം പരിശോധിക്കാം’’– പ്രേംകുമാർ പറഞ്ഞു. ജോലിയുടെ ഭാഗമായി പലരെയും കാണാറുണ്ടെങ്കിലും ആർഎസ്എസ് നേതാക്കൾ ആ പട്ടികയിലില്ലെന്നു ജിഗീഷ് പ്രതികരിച്ചു. ‘‘പ്രേംകുമാറിനെ അങ്ങനെ നേരത്തേ കണ്ടിട്ടുണ്ട്. റാം മാധവിനെ കണ്ടിട്ടില്ലെന്നു മാത്രമല്ല, അറിയുക പോലുമില്ല. കുളിമുറിയിൽ തെന്നിവീണ് 7 മാസത്തിലേറെയായി ചികിത്സയിലുള്ള എന്നെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുത്. കണ്ടിട്ടുണ്ടെങ്കിൽ പൊലീസിനു തെളിയിക്കാമല്ലോ’’– ജിഗീഷ് പറഞ്ഞു.