തിരുവനന്തപുരം: രണ്ടാഴ്ചയ്ക്കകം നൽകണമെന്നു സർക്കാർ ആവശ്യപ്പെട്ട, തൃശൂർ പൂരം അലങ്കോലപ്പെട്ടതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് 4 മാസം കഴിഞ്ഞിട്ടും എഡിജിപി എം.ആർ.അജിത്കുമാർ കൈമാറിയില്ലെന്നു പൊലീസ് ഉന്നതർ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഏപ്രിലിലെ സംഭവങ്ങളാണ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകന്റെ കസേര തെറിപ്പിച്ചത്. ഒപ്പം എഡിജിപിതല അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചു. അന്വേഷണ വേളയിൽ ആരോപണ വിധേയൻ പദവിയിൽ തുടരുന്നതു ശരിയല്ലെന്ന നിലപാടിലാണ് അങ്കിതിനെ ഇന്റലിജൻസിൽ എസ്പിയായി (ടെക്നിക്കൽ ഇന്റലിജൻസ്) മാറ്റി നിയമിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ വെട്ടിലാക്കിയ സംഭവമായിരുന്നു പൂരനാളിലെ പൊലീസ് നടപടി. കമ്മിഷണറെ ഉപയോഗിച്ചു പൂരം കലക്കാൻ ശ്രമിച്ചത് എഡിജിപി തന്നെയായിരുന്നു എന്നാണ് അൻവറിന്റെ ഒരു ആരോപണം. റിപ്പോർട്ട് പുറത്തുവിടണമെന്ന് തൃശൂരിലെ ഇടതുസ്ഥാനാർഥി വി.എസ്.സുനിൽകുമാർ ആവശ്യപ്പെട്ടിരുന്നു.