തിരുവനന്തപുരം: പി.വി അൻവർ എം.എൽ.എ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെ ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി. മലപ്പുറം എസ്.പിയടക്കം 12 ഐ.പി.എസ് ഉദ്യോഗസ്ഥർക്കാണ് സ്ഥലംമാറ്റമുണ്ടായത്. എന്നാൽ, ഗുരുതരാരോപണങ്ങൾ നേരിടുന്ന ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാറിന്റെ കസേരക്ക് മാത്രം ഇളക്കം തട്ടിയില്ല.
അൻവറിന്റെ ആരോപണം നേരിട്ട മലപ്പുറം എസ്.പി എസ്. ശശിധരനെ എറണാകുളം വിജിലൻസിലേക്ക് സ്ഥലംമാറ്റിയപ്പോൾ പൊലീസ് ആസ്ഥാനത്തെ എഐജി ആർ. വിശ്വനാഥിനെയാണ് ആ സ്ഥാനത്തേക്ക് നിയമിച്ചത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി സ്ഥാനത്ത് കെ.വി സന്തോഷിനെയും നിയമിച്ചു. അൻവറിന്റെ പരാതിയിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരടക്കം മലപ്പുറത്തെ എട്ട് ഡിവൈഎസ്പിമാർക്കും സ്ഥലംമാറ്റമുണ്ട്. അതിൽ മുട്ടിൽ മരംമുറിക്കേസ് അന്വേഷിച്ച വി.വി ബെന്നിയും ഉൾപ്പെടും.
നിയമനം ലഭിച്ചിട്ടും വ്യക്തിപരമായ കാരണങ്ങളാൽ ചുമതല ഏറ്റെടുക്കാതിരുന്ന എ. അക്ബറിനെ നീക്കി സി.എച്ച് നാഗരാജുവിനെ ഗതാഗത കമ്മീഷണറായി നിയമിച്ചു. അക്ബറിനെ എറണാകുളം ക്രൈംബ്രാഞ്ച് ഐ.ജിയായാണ് നിയമിച്ചത്. എസ്. ശ്യാംസുന്ദറിനെ നീക്കി, പുട്ട വിമലാദിത്യയെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും നിയമിച്ചു.
ശ്യാംസുന്ദറിനെ ദക്ഷിണ മേഖലാ ഡിഐജിയായാണ് നിയമിച്ചത്. അൻവർ ഉന്നയിച്ച മലപ്പുറം എസ്.പി ക്യാമ്പ് ഓഫിസിലെ മരംമുറി പരാതി അന്വേഷിക്കുന്ന തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിന് എറണാകുളം റേഞ്ചിന്റെ അധിക ചുമതല കൂടി നൽകി. ജെ. ഹിമേന്ദ്രനാഥിനെ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പിയായും നിയമിച്ചു.