ഓണത്തിന് ഒഴിച്ചുകൂടാനാകാത്തതാണ് സദ്യ. തൂശനിലയില്‍ ചോറും വിവിധതരം കറികളും വറുത്തുപ്പേരിയും പായസവും പപ്പടവും ഒക്കെയായി ഉള്ള സദ്യയാണ് ഓണത്തിന് പ്രധാനം. ഓണവിഭവങ്ങള്‍ തന്നെ തയ്യാറാക്കുന്ന രീതിയിലും വിഭവങ്ങളുടെ രീതിയിലും എല്ലാം തെക്കു നിന്ന് വടക്കുവരെ വലിയ വ്യത്യാസങ്ങളുമുണ്ട്. വടക്കോട്ട് പലയിടത്തും നോണ്‍വെജ് വിഭവങ്ങള്‍ കൂടി ഓണസദ്യക്ക് പ്രധാനമാണ്. എങ്കിലും ഓണസദ്യക്ക് പൊതുവായി വേണ്ട കറികള്‍ക്ക് കേരളത്തില്‍ ഒട്ടാകെ സാമ്യവുമുണ്ട്.
അവിയലാണ് ഓണത്തിന് പ്രധാനമായ വിഭവം. ഇത് സദ്യയ്ക്ക് വെള്ളം ചേര്‍ക്കാതെ തയ്യാറാക്കുന്ന വിഭവമാണ്. അവിയലില്‍ ചിലയിടത്ത് ഉരുളക്കിഴങ്ങ് പോലുള്ളവ ചേര്‍ക്കുന്നു. ഇതിലും ക്യാരററും കായയും അച്ചിങ്ങയും എല്ലാം പ്രധാനമാണ്. അവിയലിന് സ്വാദ് നല്‍കുന്നത് തേങ്ങയും പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ന്ന് കൂട്ടാണ് എന്ന് എടുത്തു പറയേണ്ടതുണ്ട്.
ഓലന്‍ ഓണസദ്യയില്‍ പ്രധാനിയാണ്. ഓലനും പല തരത്തിലെ പാചകരൂപത്തില്‍ പെടുന്നു. മത്തങ്ങയും വന്‍പയറും ചേര്‍ത്ത് തയ്യാറാക്കുന്ന ഓലനാണ് ചിലയിടങ്ങളിലെങ്കില്‍ കുമ്പളങ്ങയില്‍ തേങ്ങാപ്പാല്‍ ചേര്‍ത്തുണ്ടാക്കുന്ന വെള്ള നിറത്തിലെ ഓലനാണ് ചിലയിടത്തെ താരം. ഇതിലും വെളിച്ചെണ്ണയും കറിവേപ്പിലയും പച്ചമുളകും രുചി പകരാന്‍ കൂടെയുണ്ട്. ഓണസദ്യയിലെ കറികള്‍ക്ക് മധുരം നല്‍കുന്നവയാണ് കൂട്ടുകറിയും പൈനാപ്പിള്‍ പച്ചടിയുമെല്ലാം. ഓണത്തിന് മാത്രമല്ല, ഏത് സദ്യയെങ്കിലും സാമ്പാര്‍ പ്രധാനിയാണ്. സാമ്പാര്‍ തന്നെ പല തരത്തിലും തയ്യാറാക്കുന്നുണ്ട്. ചിലയിടത്ത് തേങ്ങാ ചേര്‍ത്ത് വറുത്തരച്ച സാമ്പാറാണ് ഉള്ളത്. ചിലര്‍ തേങ്ങാ ചേര്‍ക്കാതെ തന്നെ വറുത്തരച്ച് സാമ്പാര്‍ വയ്ക്കുന്നു. സാമ്പാറില്‍ ചേര്‍ക്കുന്ന പച്ചക്കറികളില്‍ വെണ്ടയ്ക്ക്, മുരിങ്ങാക്കാ, തക്കാളി എന്നിവയെല്ലാം പ്രധാനമാണ്.