കൽപ്പറ്റ: ഉരുൾപൊട്ടൽ ജീവിതത്തിൽ നിന്ന് പ്രിയപ്പെട്ട കുടുംബത്തെ തട്ടിയെടുത്ത ശ്രുതിക്ക് താങ്ങായിരുന്ന ജയ്സണും ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർ സഞ്ചരിച്ച വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒൻപത് പേർക്കായിരുന്നു പരിക്കേറ്റത്. ചൂരൽമല സ്വദേശികളായ ലാവണ്യ, ശ്രുതി, ശ്രുതിയുടെ പ്രതിശ്രുത വരൻ അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസൺ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇതിൽ ജെൻസണ് സാരമായി പരിക്കേറ്റു. ശ്രുതിയുടെയും ലാവണ്യയുടെയും ബന്ധുക്കളായ മാധവി, രത്നമ്മ, ആര്യ, അനിൽകുമാർ, അനൂപ്കുമാർ എന്നിവർക്കും പരിക്കേറ്റു.
പരിക്കേറ്റവരിൽ ഉൾപ്പെട്ട ശ്രുതിയെയും ജെൻസണിനെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്ക് പരിക്കേറ്റ ജെൻസണെ അടിയന്തരമായി മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനുസമീപമായിരുന്നു അപകടം. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ശ്രുതിയും കൂട്ടരും സഞ്ചരിച്ച വാനും കോഴിക്കോട്ടുനിന്ന് സുൽത്താൻബത്തേരിയിലേക്ക് വരികയായിരുന്ന ‘ബട്ടർഫ്ലൈ’ എന്ന ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് വാനിൽ കുടുങ്ങിയവരെ കല്പറ്റയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരുംചേർന്ന് വാൻ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. ജെൻസണായിരുന്നു വാൻ ഓടിച്ചിരുന്നത്.
ജെൻസണിന് തലയ്ക്കും മുഖത്തുമാണ് ഗുരുതരമായി പരിക്കേറ്റത്. മുഖത്ത് പൊട്ടലുണ്ട്. കാലിന് ഒടിവുണ്ട്. ആന്തരിക രക്തസ്രാവം ഉണ്ടെന്നും ഡോക്‌ടർമാർ പറയുന്നു. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും വിവരമുണ്ട്. ശ്രുതിക്ക് കാലിന് പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞദിവസം തന്നെ ശസ്ത്രക്രിയ നടന്നിരുന്നു.
ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ കഴിയുന്നതിനിടെയാണ് ലാവണ്യയുടെയും ശ്രുതിയുടെയും ജെൻസന്റെയും ജീവിതത്തിൽ ദുരന്തം വാഹനാപകടത്തിന്റെ രൂപത്തിലെത്തിയത്. ചൂരൽമലയിലെ സ്കൂൾ റോഡിലായിരുന്നു ശ്രുതിയുടെ വീട്. അച്ഛൻ ശിവണ്ണനെയും അമ്മ സബിതയെയും അനിയത്തി ശ്രേയയെയും ഉരുളെടുത്തു.
ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷം പ്രതിശ്രുതവരൻ ജെൻസണാണ് ശ്രുതിക്ക് താങ്ങും തണലുമായി കൂടെനിന്നത്. താത്കാലിക പുനരധിവാസത്തിൽ ശ്രുതി ഇപ്പോൾ മുണ്ടേരിയിലാണുതാമസം. ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.
ശിവണ്ണയുടെ സഹോദരൻ സിദ്ദരാജിന്റെയും ദിവ്യയുടെയും മകളാണ് ലാവണ്യ. ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരൻ ലക്ഷ്വത് കൃഷ്ണയെയും ലാവണ്യക്ക് നഷ്ടമായി. ശ്രുതി ജോലിയുമായി കോഴിക്കോട്ടും ലാവണ്യ പഠനത്തിനായി നവോദയ സ്കൂളിലുമായതിനാലാണ് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.
content highlight: sruthi-and-fiance-injured-in-a-car-accident