കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിർമാതാക്കളുടെ സംഘടനയിൽ ഭിന്നതയെന്ന് സാന്ദ്രാ തോമസ്. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ വൻ വിമർശനമാണ് സാന്ദ്ര ഉന്നയിച്ചിരിക്കുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പൊളിച്ച് പണിയണമെന്ന് സാന്ദ്ര തോമസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിർമാതാക്കളായ സാന്ദ്ര തോമസും ഷീലു കുര്യനും സംഘടനക്ക് കത്ത് നൽകി. സ്വേഛാധിപത്യ തീരുമാനമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടപ്പാക്കുന്നതെന്ന് പറഞ്ഞ നടി സംഘടനയ്ക്കുള്ളിൽ താര സംഘടനയായ ‘അമ്മ’യുടെ സ്വാധീനം ശക്തമാണെന്നും കൂട്ടിച്ചേർത്തു.
നിലവിലെ കമ്മിറ്റിക്ക് നിക്ഷിപ്ത താൽപര്യമുണ്ട്. ചിലരുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംഘടന വലിയ മൗനം പാലിച്ചു. സംഘടനയുടെ യോഗത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നൽകിയ കത്ത് വായിക്കുകയുണ്ടായി.
കത്തിലെ ഉള്ളടക്കത്തെ കുറിച്ച് വിയോജിപ്പ് അറിയിച്ചപ്പോൾ മുഖ്യമന്ത്രിക്ക് കത്ത് അയച്ചുകഴിഞ്ഞെന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായ അനിൽ തോമസ് പറഞ്ഞത്. കത്ത് അയക്കുന്നതിന് മുമ്പ് കമ്മിറ്റിയിൽ ചർച്ച ചെയ്യണമായിരുന്നു. കത്തിനെ കുറിച്ച് എക്സിക്യൂട്ടീവിലെ ഭൂരിപക്ഷം അംഗങ്ങളും അറിഞ്ഞിരുന്നില്ല.
സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്ന സമീപനമാണ് അസോസിയേഷനുള്ളത്. ഇത്തരം പ്രഹസനങ്ങളിൽ നിന്ന് സംഘടന മാറിനിൽക്കണം. വിഷയങ്ങളെ ഗൗരവത്തോടെ സമീപിക്കണമെന്നും സാന്ദ്ര തോമസ് കത്തിൽ ചൂണ്ടിക്കാട്ടി.
നിർമാതാക്കളുടെ സംഘടനയിൽ ഒരു വലിയ കോക്കസ് പ്രവർത്തിക്കുന്നുണ്ടെന്ന് സാന്ദ്ര തോമസ് ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻറെ ഒരു പരിപാടിയിലും സ്ത്രീകളെ പങ്കെടുപ്പിക്കാറില്ല. സിനിമ ചെയ്ത് തന്നെയാണ് സിനിമ വ്യവസായത്തിലേക്ക് കടന്നുവന്നത്. തരംതിരിച്ച് കാണുന്നതിനോട് യോജിക്കുന്നില്ലെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.
‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സാഹചര്യത്തില്‍ സിനിമാ രംഗത്തെ വനിതാ നിര്‍മാതാക്കള്‍ കടന്നു പോകുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഒരു യോഗം വിളിച്ചിരുന്നു. അതൊരു പ്രഹസനമായിരുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഒരു കത്ത് നല്‍കുകയുണ്ടായി. ഈ കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സംഘടന വ്യക്തമായ ഒരു ഉത്തരം നല്‍കിയില്ല. കത്തിലെ ഉള്ളടക്കം എന്തെന്ന് അറിയാന്‍ അംഗങ്ങള്‍ക്ക് അവകാശമില്ലേ?’ ഇരുവരും കത്തിൽ ചോദിച്ചു.
ഈയിടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മ എന്ന സംഘടനയും ചേര്‍ന്ന് ഒരു സ്വകാര്യ ചാനലില്‍ സ്‌റ്റേജ് ഷോ നടത്തിയിരുന്നു. ഈ പരിപാടിയ്ക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഉള്‍പ്പെടെ 95 ശതമാനം അംഗങ്ങളെയും ക്ഷണിച്ചിരുന്നില്ല. പുറമേ പല അംഗങ്ങളും പറയുന്നത് പങ്കെടുത്തവരെ ഒഴിച്ച് ബാക്കിയുള്ളവരെ പങ്കെടുപ്പിക്കുന്നതില്‍ അമ്മയുടെ ഭാഗത്ത് നിന്ന് വിലക്കുണ്ടായിരുന്നു എന്നാണ്. അങ്ങനെ പറയാന്‍ അമ്മ സംഘടനയുടെ ഉപസംഘടനയാണോ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ബാഹ്യശക്തികളാണ് അസോസിയേഷന്‍ നിയന്ത്രിക്കുന്നത് എന്നാണ് ഈ ഇടപെടലുകളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്.
ഈ സാഹചര്യത്തിന് മാറ്റംവന്നേ കഴിയൂ. അതിന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുക എന്നല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. ഇപ്പോളുള്ള കമ്മിറ്റി ചില വ്യക്തികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. അതിന് മാറ്റം വന്നേ പറ്റൂ. അടിയന്തരമായ ജനറല്‍ ബോഡി വിളിച്ചുവരുത്തി വിഷയങ്ങളില്‍ സവിസ്തരം ചര്‍ച്ച ചെയ്യണമെന്നും കത്തില്‍ പറയുന്നു.
content highlight: sandra-thomas-against-producers-association