Kerala

ചരിത്രം തിരുത്തിക്കുറിക്കാന്‍ വിഴിഞ്ഞം തുറമുഖം; വരുന്നത് അഡാർ ഐറ്റം, ദക്ഷിണേഷ്യയില്‍ എത്തുന്ന ഏറ്റവും വലിയ കപ്പല്‍

24,116 TEU കണ്ടെയ്‌നര്‍ ശേഷിയോടെ ഇന്ത്യയിൽ എത്തിയ ഏറ്റവും വലിയ കപ്പൽ

ട്രെയില്‍ റണ്‍ വിജയകരമായി പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന വിഴിഞ്ഞം തുറമുഖം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് ചരിത്രം വഴിമാറുന്ന നിമിഷം. ദക്ഷിണേഷ്യ ഭാഗത്ത് എത്തിയ ഏറ്റവും വലിയ കപ്പല്‍ ബെര്‍ത്ത് ചെയ്ത തുറമുഖമെന്ന ഖ്യാതി നേടിയാണ് വിഴിഞ്ഞം ചരിത്രം കുറിക്കാന്‍ പോകുന്നത്. സ്വിസ് ഷിപ്പിംഗ് ഭീമനായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (എംഎസ്സി) യുടെ ഉടമസ്ഥതയിലുള്ള (MSC Claude Girartdet) എം.എസ്. സി ക്ലൗഡ് ഗിരാര്‍ഡെറ്റ് എന്ന കപ്പല്‍ ഈയാഴ്ച വിഴിഞ്ഞം തുറമുഖത്ത് എത്തും. ലൈബീരിയയുടെ പതാകയ്ക്ക് കീഴിലുള്ള MSC Claude Girardet സെപ്തംബര്‍ 13-നോ 14-നോ തുറമുഖത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 24,116 ഇരുപത് അടി തുല്യമായ യൂണിറ്റുകളുടെ (TEU) കണ്ടെയ്‌നര്‍ ശേഷിയുള്ള ഇന്ത്യയിൽ എത്തിയ ഏറ്റവും വലിയ കപ്പലാണിത്. 19,462 ടിഇയു ശേഷിയുള്ള എംഎസ്സി അന്ന ആയിരുന്നു ഇതുവരെ ഇന്ത്യന്‍ തുറമുഖത്ത് ബെര്‍ത്ത് ചെയ്ത ഏറ്റവും വലിയ കപ്പല്‍. അള്‍ട്രാ ലാര്‍ജ് കണ്ടെയ്നര്‍ വെസ്സല്‍ ശ്രേണിയില്‍ ഉള്‍പ്പെട്ടതാണ് MSC Claude Girardet

MSC Claude Girartdet

കൊളോംബോ തുറമുഖത്ത് അടുപ്പിച്ച ഏറ്റവും വലിയ കപ്പലുകളായ എവര്‍ എയ്സ്, എവര്‍ അലോട്ട് എന്നിവയ്ക്ക് എംഎസ്സി ക്ലോഡ് ഗിരാര്‍ഡെറ്റിനേക്കാള്‍ ശേഷി കുറവാണ്. അതിനാല്‍ ദക്ഷിണേഷ്യയിലെ ഒരു ബെര്‍ത്തിലേക്കുള്ള ഏറ്റവും വലിയ കപ്പലായി ക്ലാഡ് ഗിരാര്‍ഡെറ്റിനെ കണക്കാക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ആധുനിക കണ്ടെയ്നര്‍ കപ്പലുകള്‍ക്ക് 20,000 ടിഇയു വഹിക്കാന്‍ കഴിയും, ഇത് അള്‍ട്രാ ലാര്‍ജ് കണ്ടെയ്നര്‍ വെസ്സലുകള്‍ (യുഎല്‍സിവി) എന്ന പുതിയ ശ്രേണിയില്‍ ഉള്‍പ്പെടുന്നവയാണ്. ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമായ തന്‍ജംഗ് പെലെപാസില്‍ (മലേഷ്യ) നിന്ന് വരുന്ന കപ്പലിന് 400 മീറ്റര്‍ നീളവും 61.5 മീറ്റര്‍ വീതിയും 16.7 മീറ്റര്‍ ഡ്രാഫ്റ്റും ഉണ്ട്. ഡെക്കില്‍ 24,116 കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ കഴിയും, ഇത് ഏകദേശം നാല് സ്റ്റാന്‍ഡേര്‍ഡ് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ വലുപ്പം വരും. ഒരു യാത്രയില്‍ 25 ലെയറുകളിലായി 2,40,000 ടണ്‍ ചരക്കുകള്‍ വഹിക്കാന്‍ കപ്പലിന് കഴിയും. ലോവര്‍ കാര്‍ബണ്‍ എമിഷന്‍ ആണ് അള്‍ട്രാ ലാര്‍ജ് കപ്പലുകളുടെ പ്രത്യേകത.

MSC Claude Girartdet

വിഴിഞ്ഞത്ത് നിന്നും ലഭ്യമാകുന്ന 20 മീറ്റര്‍ അധികമുള്ള സ്വാഭാവിക ആഴമാണ് വിഴിഞ്ഞത്തേക്ക് MSC Claude Girardte പോലുള്ള കപ്പലുകള്‍ അടുപ്പിക്കാന്‍ കാരണമെന്ന് ദേശീയ ദിനപത്രമായ ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഡീപ് ഡ്രാഫ്റ്റാണ് തുറമുഖത്തേക്ക് വലിയ കപ്പലുകളെ വലിച്ചിഴച്ച പ്രധാന ഘടകമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തുറമുഖത്തേക്ക് പോയ കപ്പലിലെ ഒരു ജീവനക്കാരന്‍ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഒരു കപ്പലിന്റെ അടിഭാഗവും സമുദ്രത്തിന്റെ അടിത്തട്ടും തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലം, കീല്‍ ക്ലിയറന്‍സ് (UKC)ക്ക് കീഴില്‍ 1 മീറ്റര്‍ ഉണ്ടെങ്കില്‍, കപ്പലുകള്‍ക്ക് ഒരു തുറമുഖത്തേക്ക് കയറാന്‍ കഴിയും. വിഴിഞ്ഞത്ത്, ചാനലിന്റെ മിക്ക ഭാഗങ്ങളിലും ഏകദേശം 18.6-മീറ്റര്‍ ആഴവും ചില പ്രദേശങ്ങളില്‍ 20-മീറ്റര്‍ ആഴവും ഉണ്ടായിരുന്നു. ഡ്രഡ്ജിംഗ് ചെയ്യാതെയുള്ള സ്വാഭാവിക ആഴം ഇതായിരുന്നു, ആഗോള ഷിപ്പിംഗ് ഭൂപടത്തില്‍ വിഴിഞ്ഞത്തെ ഒരു പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബായി സ്ഥാപിക്കാന്‍ ഇത് മതി. ഇതിനകം, എംഎസ്സിയില്‍ നിന്നുള്ള അഞ്ച് കപ്പലുകള്‍ തുറമുഖത്ത് എത്തിയിട്ടുണ്ട്, ഏറ്റവും ഒടുവില്‍ ട്രെയില്‍ റണ്ണിന് എത്തിയ എംഎസ്സി കെയ്ലിയുടെ ഡ്രാഫ്റ്റ് 16.5 മീറ്റര്‍ ആണ്.

MSC KAYLEY

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അതിന്റെ തന്ത്രപരമായ സാധ്യത മനസിലാക്കിയാണ് ഏറ്റവും വലിയ കപ്പലുകളെ എത്തിച്ച് ട്രെയില്‍ റണ്‍ നടത്തുന്നത്. പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ കണ്ടയിനര്‍ നീക്കത്തിന്റെ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബായി വിഴിഞ്ഞത്തെ മാറ്റുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ ആദ്യവാരത്തോടെ ട്രെയില്‍ റണ്‍ പൂര്‍ത്തിയാക്കി അടുത്ത നടപടികളിലേക്ക് കടക്കാനാണ് അദാനി കമ്പനിയുടെ തീരുമാനം.

Content Highlights; MSC Claude Girartdet will arrive at Vizhinjam port this week.