ഒരു പ്രത്യേകമായ ഭക്ഷണത്തിനോടോ അല്ലെങ്കിൽ പാനിയത്തിനോടോ ഉണ്ടാവുന്ന അടങ്ങാത്ത ആസക്തിയാണ് അല്ലെങ്കിൽ ആർത്തിയെയാണ് പൊതുവെ ഫുഡ് ക്രേവിങ് എന്ന് പറയുന്നത്. പലപ്പോഴും വിശപ്പിനേക്കാൾ കൂടുതലും അടങ്ങാത്ത ഭക്ഷണമോഹം കൊണ്ടാണ് പലരും ആഹാരം കഴിക്കുന്നത്. മധുരമുള്ള ഭക്ഷണങ്ങൾ, ഉപ്പു കൂടുതലടങ്ങിയ ഭക്ഷണങ്ങൾ, ബേക്കറി സാധനങ്ങൾ, ക്രീം പോലുള്ള മൃദുവായ സാധനങ്ങൾ, എരിവുള്ള ഭക്ഷണങ്ങൾ തുടങ്ങിയവയോടാണ് പൊതുവെ ആസക്തി കൂടുതലായി കാണുന്നത്. നല്ല ആരോഗ്യം വീണ്ടെടുക്കാൻ ശ്രമിക്കുന്നവരെപ്പോലും കീഴ്പ്പെടുത്താൻ കെൽപ്പുള്ള വില്ലനാണ് ആസക്തി അല്ലെങ്കിൽ ഭക്ഷണത്തോടുള്ള ആർത്തി.
എന്തുകൊണ്ടാണ് ഇത്തരത്തിലൊരു ക്രേവിങ് എന്ന് കണ്ടുപിടിച്ചാൽ തന്നെ അമിതമായ ആസക്തി ഒഴിവാക്കാൻ കഴിയും. പല കാരണങ്ങൾ കൊണ്ട് വ്യക്തികളിൽ ഭക്ഷണത്തോടുള്ള അമിത ആഗ്രഹം ഉണ്ടാകുന്നു. അതിൽ ആദ്യ കാരണം നിർജ്ജലീകരണം. ശരീരത്തിലെ ജലാംശം കുറയുന്നതാണ് ഭക്ഷണത്തോടുള്ള അമിത ആവേശത്തിന് കാരണം. പലപ്പോഴും ശരീരത്തിന് വെള്ളം വേണമെന്ന് നമുക്ക് തോന്നുന്ന സന്ദർഭങ്ങൾ ദാഹിക്കുമ്പോളോ തൊണ്ട വരളുമ്പോളോ മാത്രമാണ്. ഓരോ അരമണിക്കൂർ കൂടുമ്പോളും ഒന്നോ രണ്ടോ കവിൾ വെള്ളം. കുറച്ചു സമയം കവിളിൽ ഉൾക്കൊള്ളിച്ച് കുടിക്കുന്നത് ഒരു ശീലമായി മാറ്റിയാൽ അതിന്റേതായ ഗുണങ്ങൾ ശരീരത്തിലും പ്രകടമാകും. നമ്മുടെ ശരീരത്തിന് ആവശ്യമായ ചില പോഷകാഹാരങ്ങൾ ലഭിക്കാതെ വരുമ്പോളും ഇത്തരത്തിലുള്ള ഒരു ആസക്തി പ്രകടമാകും. ശെരിക്കും ലോകത്തിലെ നല്ലൊരു ശതമാനം ആളുകളുടെയും ഭക്ഷണത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് വലിയ ഫുഡ് കമ്പനിയാണ്. ഇത്തരം ആഹാരരീതിയിലൂടെ ഉണ്ടാകുന്ന പോഷകക്കുറവ് ശരീരം പ്രകടമാക്കുന്നത് ചിലപ്പോൾ ഇത്തരത്തിലുള്ള ക്രേവിങ്സിലൂടെ ആയിരിക്കാം.
സ്ഥിരതയില്ലാത്ത ആഹാരരീതി, ഹോർമോണിൽ ഉണ്ടാവുന്ന വ്യതിയാനങ്ങൾ, സമ്മർദ്ദം തുടങ്ങി നിരവധി ശരീര മാറ്റങ്ങളും ഭക്ഷണത്തോടുള്ള അമിതമായ ആസക്തിയിലേക്ക് നയിക്കുന്നു. 90 ശതാമാനവും നല്ല ആരോഗ്യത്തിന് വേണ്ടിയായിരിക്കണം ഭക്ഷണം കഴിക്കേണ്ടത്.
ഏതൊക്കെ സമയത്താണ് ഭക്ഷണത്തോടുള്ള കൊതി തോന്നുന്നത്, ഏത് തരം ഭക്ഷണത്തോടാണ് താല്പര്യം തോന്നുന്നത്, എത്രമാത്രം തീവ്രമായാണ് ആർത്തി തോന്നുന്നത്, ഏത് സമയത്താണ്… ഇത്തരം കാര്യങ്ങൾ എല്ലാം മനസിലാക്കി വെക്കുന്നത് ഭക്ഷണം കഴിക്കുന്നത് ആർത്തിയായി മാറുന്ന അവസ്ഥയിൽ നിന്നും മാറ്റങ്ങൾ ഉണ്ടാക്കുന്നതിന് സഹായിക്കുന്നു.
STORY HIGHLIGHT : Food cravings