ഇന്നത്തെ മന്ത്രിസഭാ യോഗം കഴിഞ്ഞാല്‍ അറിയാം, KSRTC ജീവനക്കാര്‍ക്ക് ശമ്പളവും അലവന്‍സും ബോണസുമൊക്കെ കിട്ടാന്‍ യോഗമുണ്ടോ എന്ന്. നാളെ എങ്കിലും ശമ്പളം കിട്ടിയില്ലെങ്കില്‍ ഓണമുണ്ണാന്‍ ഒരുക്കങ്ങള്‍ നടത്താന്‍ അവര്‍ക്ക് എവിടെയാണ് സമയം കിട്ടുക. സര്‍ക്കാര്‍ ജീവനക്കാരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുമെല്ലാം ശമ്പളവും വാങ്ങി, ഫെസ്റ്റിവല്‍ അലവന്‍സും കിട്ടി ഓണത്തിനുള്ള പുതിയ വസ്ത്രങ്ങളും സദ്യവട്ടങ്ങളുമെല്ലാം വാങ്ങിക്കഴിഞ്ഞു. ഉത്രാടപ്പാച്ചിലിനു കച്ചകെട്ടിയിരിക്കുമ്പോള്‍ KSRTCക്കാര്‍ക്ക് അലവന്‍സ് കൊടുക്കണോ, വേണ്ടയോ എന്ന് തീരുമാനിക്കാന്‍ മന്ത്രിസഭാ യോഗം ചേരുകയാണ്.
ഏത് വകുപ്പിലെ ജീവനക്കാര്‍ക്കാണ് ഇങ്ങനെയൊരവസ്ഥ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ധനവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും വന് റിലീസുകളെല്ലാം വിവിധ വകുപ്പുകളിലെയും, മറ്റും ജീവനക്കാര്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സും ഓണ അഡ്വാന്‍സും അനുവദിച്ചു കൊണ്ടുള്ളവയായിരുന്നു. പക്ഷെ, അതിലൊന്നും KSRTCക്കാര്‍ പെട്ടില്ല. 28 കോടി രൂപയാണ് ഫെസ്റ്റിവല്‍ അലവന്‍സും ഓണ അഡ്വാന്‍സും നല്‍കാന്‍ വേണ്ടത്. ഇതിന്റെ കത്ത് ധനവകുപ്പിന് KSRTC മാനേജ്‌മെന്റ് നല്‍കിയിട്ടുണ്ട്. ഈ കത്തിന്‍മേലാണ് മന്ത്രിസഭയുടെ തീരുമാനം വരേണ്ടത്.
ഗഡുക്കളായി കിട്ടിയിരുന്ന ശമ്പളത്തെ ഒന്നാക്കി നല്‍കുമെന്ന് പ്രഖ്യാപിച്ച ഗണേഷ്‌കുമാര്‍ മന്ത്രിയുടേത് വെറും തള്ളു മാത്രമായി മാറിയിരിക്കുകയാണ്. ശമ്പളം ഗഡുക്കളായി കിട്ടിയിരുന്നെങ്കില്‍ ആദ്യ ഗഡുവെങ്കിലും ഓണത്തിന്റെ ആഘോഷത്തിനായി ജീവനക്കാര്‍ക്ക് ഉപയോഗിക്കാമായിരുന്നു. എന്നാല്‍, അതും ഇല്ല, ഇതും ഇല്ലാത്ത അവസ്ഥ ആയിരിക്കുകയാണ്. സര്‍ക്കാര്‍ അനുവദിച്ച 30 കോടിയും കൈയ്യില്‍ വെച്ച് കേരളാബാങ്കിന്റെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 100 കോടിരൂപ എടുത്ത് ശമ്പളം നല്‍കാമെന്നായിരുന്നു കണക്കു കൂട്ടല്‍. ബാങ്കുമായുള്ള ധാരണയ്ക്ക് താമസമുണ്ടയതോടെ ശമ്പളം പൂര്‍ണ്ണായി മുടങ്ങി.
ഇനിയുള്ളത് ജീവനക്കാര്‍ ചോര നീരാക്കി കൊണ്ടു വരുന്ന കളക്ഷന്‍ കാശ് മാത്രമാണ് ആശ്രയം. ഇതില്‍ നിന്നും 80 കോടി കണ്ടെത്താനാണ് നീക്കം. ഈ മാസം ആദ്യം വകുപ്പുമന്ത്രി ഗണേഷ്‌കുമാര്‍ ഗള്‍ഫില്‍ പോയിരുന്നു. കഴിഞ്ഞ ആറിനാണ് തിരിച്ചെത്തിയത്. കണ്‍സോര്‍ഷ്യവുമായി ധാരണ ഉണ്ടാക്കാനും അതുവഴി പണം കണ്ടെത്താനും സമയം ഇഷ്ടം പോലെ ഉണ്ടായിരുന്നതുമാണ്. സര്‍ക്കാരിനോട് ഫെസ്റ്റിവല്‍ അലവന്‍സിന് ഫണ്ട് ചോദിക്കാനും സമയം ഉണ്ടായിരുന്നു. എന്നാല്‍, ഇതൊന്നും കാലേക്കൂട്ടി ചെയ്യാതെ ഓണമെത്താന്‍ കാത്തിരുന്നിട്ട്, ഒടുവില്‍ ജീവനക്കാരെ നോക്കി കൈ മലര്‍ത്തിയിരിക്കുകയാണ് മന്ത്രിയും മാനേജ്‌മെന്റും.
ഇനി ശമ്പളത്തിനുള്ള പണം എവിടെനിന്നെങ്കിലും കണ്ടെത്തിയാലോ, അത് മഹാ സംഭവമായി മാധ്യമങ്ങളിലൂടെ വിളിച്ചു പറയുകയും ചെയ്യും. അതായത്, ശമ്പളം കൊടുക്കാന്‍ പണം കിട്ടിയില്ലെങ്കില്‍ കൈമലര്‍ത്തുകയും, പണം സംഘടിപ്പിച്ചാല്‍ അത് വലിയ കാര്യമായി ചെയ്തതാണെന്ന് വരുത്തി തീര്‍ക്കുകയും ചെയ്തു കൊണ്ട് KSRTC ജീവനക്കാര്‍ അടിമകളാണെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് നല്‍കിയ ബോണസ് ഒരു ലക്ഷംരൂപയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നല്‍കുന്ന ഓണ അഡ്വാന്‍സ് 20,000 രൂപയും. ഇതൊന്നും KSRTC ജീവനക്കാര്‍ക്ക് ബാധകമാകൊ പോകുന്നത് എന്തുകൊണ്ടാണ്.
കേരളത്തിലെ ജനങ്ങളുടെ പൊതു ഗതാഗതമല്ലേ KSRTC. ഓണത്തിനും ചംക്രാന്തിക്കുമെല്ലാം KSRTC ഓടുന്നില്ലേ. എന്നിട്ടും അവരെ രണ്ടാംതരം പൗരന്‍മാരാക്കുന്നതെന്താണ്. അവര്‍ക്ക് ശമ്പളം കൊടുക്കുന്നത് മഹാ സംഭവമാകുന്നതെന്തു കൊണ്ടാണ്. അവര്‍ ചെയ്യുന്ന ജോലിയുടെ കൂലിയല്ലേ നല്‍കുന്നത്. മറ്റൊരു വകുപ്പിലുള്ളവര്‍ക്കും ശമ്പളം കൊടുക്കുമ്പോള്‍ വലിയ വാര്‍ത്തയാകുന്നില്ല. ബെവ്‌കോ ജീവനക്കാര്‍ക്ക് ഭീമമായ ബോണസ് നല്‍കുന്നതും വാര്‍ത്തയല്ല. പക്ഷെ, നാടുനീളെ പൊതുജനങ്ങള്‍ക്ക് വേണ്ടി ആനവണ്ടി ഓടുന്നവര്‍ക്ക ശമ്പളം കൊടുക്കുന്നത് വലിയ വാര്‍ത്തയും വലിയ സംഭവവും.
എന്നിട്ടും, പറഞ്ഞ സമയത്ത് അവര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയുന്നില്ല എന്നതും വിസ്മരിക്കരുത്. എന്നു മുതലാണ് KSRTCയിലെ പാവം ജീവനക്കാര്‍ക്ക് അവര്‍ ചെയ്യുന്ന ജോലിക്കു കൂലി കൃത്യമായി കൊടുക്കാന്‍ കഴിയുന്നത്. അഥോ അവരോട് ഇനിയും ഇങ്ങനെ തന്നെ തുടരുമോ. നാളെ ശമ്പളം കിട്ടുമെന്ന് പറയുമ്പോള്‍, കൊടുക്കാന്‍ തയ്യാറാകുന്ന ഒരു സര്‍ക്കാരും മാനേജ്‌മെന്റും ഉണ്ടാകണം. അല്ലാതെ വാക്കു പറഞ്ഞിട്ട്, മാറ്റി പറയുന്ന മന്ത്രിയും, അതുകേട്ട് ആസ്വദിക്കുന്ന തൊഴിലാളി സംഘടനകളും ഒന്നും ചെയ്യില്ല.
ഇത്രയും ആയിട്ടുപോലും KSRTC ജീവനക്കാര്‍ ഒരു പ്രതിഷേധ സ്വരം ഉയര്‍ത്തിയിട്ടുണ്ടോ. കേരളത്തില്‍ എവിടെയെങ്കിലും ഒരു KSRTC ബസ് ഒതുക്കിയിട്ട് ജീവനക്കാര്‍ പ്രതിഷേധിച്ചോ. ഇവിടെ സര്‍ക്കാര്‍ വിജയിച്ചിരിക്കുകയാണ്. ജീവനക്കാരുടെ ക്ഷമ പരീക്ഷിച്ചുള്ള വിജയം. ഇന്നും ശമ്പളം കിട്ടാതെ വീട്ടിലേക്ക് കയറിപ്പോകേണ്ടി വരുന്ന KSRTC ജീവനക്കാരന്റെ അവസ്ഥ പരിതാപകരമാണ്. ആരോടു പറയാന്‍ ആര് കേള്‍ക്കാന്‍. നാളെയെങ്കിലും ശമ്പളം കിട്ടുമെന്ന പ്രതീക്ഷ അസ്ഥാനത്താകരുത് എന്നേ തൊഴിലാളികള്‍ക്ക് പറയാനുള്ളൂ.
CONTENT HIGHLIGHTS; KSRTC salary tomorrow…..?: Minister and labor unions say about it; Government wins by testing employees’ patience (Special Story)