കൊച്ചി: ലൈം ഗികാതിക്രമ കേസിൽ സംവിധായകൻ വി.കെ പ്രകാശിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സിനിമയാക്കാൻ കഥയുമായി സമീപിച്ച യുവതിയെ കൊല്ലത്തെ സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗിക താത്പര്യത്തോടെ ഉപദ്രവിച്ചുവെന്നാണ് യുവതി പരാതി ഉന്നയിച്ചത്. എന്നാൽ താത്പര്യമില്ലെന്ന് വ്യക്തമാക്കി രാത്രി തന്നെ കൊച്ചിക്ക് മടങ്ങിയെന്നാണ് യുവതി പറയുന്നത്.
കാര്യം മറ്റാരോടും പറയരുതെന്ന് തുടരെ ഫോണിൽ വിളിച്ച് സംവിധായകൻ നിർബന്ധിച്ചുവെന്നും യുവതി ആരോപിച്ചിരുന്നു. പിന്നീട് ക്ഷമാപണം നടത്തിയ ശേഷം ഡ്രൈവറുടെയോ മറ്റോ അക്കൗണ്ടിൽ നിന്ന് പതിനായിരം രൂപ തനിക്ക് ഫോൺ വഴി അയച്ചു തന്നുവെന്നും യുവതി പറഞ്ഞിരുന്നു. ഈ കേസിലാണ് മുൻകൂർ ജാമ്യം തേടി വികെ പ്രകാശ് കോടതിയെ സമീപിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാൻ വികെ പ്രകാശിന് നിർദ്ദേശം നൽകിയ കോടതി, അറസ്റ്റുണ്ടാകുന്ന പക്ഷം അദ്ദേഹത്തെ ജാമ്യത്തിൽ വിടണമെന്നും വ്യക്തമാക്കി. രണ്ട് ലക്ഷം രൂപയുടെ ബോണ്ടുൾപ്പെടെയാണ് വ്യവസ്ഥകൾ. അറസ്റ്റ് ചെയ്ത് മൂന്ന് ദിവസം ചോദ്യം ചെയ്യാമെന്ന് വ്യക്തമാക്കിയ കോടതി പ്രതിയ്ക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലെന്നത് കൂടി പരിഗണിച്ചാണ് ഉത്തരവിട്ടത്.
content highlight: anticipatory-bail-to-director-vk-prakash