വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് 11.5 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് യു.എ.ഇ ഫെഡറൽ സുപ്രീം കോടതി. സ്വദേശി ഓടിച്ച കാറിടിച്ച് പരിക്കേറ്റ മലപ്പുറം കൂരാട് കുമ്മാളി വീട്ടിൽ ഉമ്മർ മകൻ ഷിഫിന് അഞ്ച് മില്യൺ ദിർഹം നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചത്. അൽഐനിൽ ഗ്രോസറി ജീവനക്കാരനായിരുന്നു ഷിഫിൻ.
2022 മാർച്ച് 26ന് നടന്ന അപകടമാണ് കേസിനാധാരം. അഞ്ച് പേരടങ്ങുന്ന കുടുംബത്തെ പോറ്റാൻ പ്രവാസിയായ പിതാവിന് ഒരു കൈത്താങ്ങായാണ് ഷിഫിൻ പ്രവാസ ലോകത്തേക്ക് എത്തുന്നത്. അൽഐനിലെ സൂപ്പർ മാർക്കറ്റിൽ ചെറു പ്രായത്തിൽ തന്നെ ജോലിക്ക് കയറി. ബഖാലയിൽനിന്ന് മോട്ടോർസൈക്കിളിൽ സാധനങ്ങളുമായി പോയ ഈ 22കാരനെ ഒരു സ്വദേശി ഓടിച്ച കാർ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഷിഫിന് കാര്യമായ പരിക്കേറ്റു. അപകടം നടന്നയുടനെ കാർ ഓടിച്ചിരുന്നയാൾ വാഹനം നിർത്താതെ പോയി. സി.സി.ടി.വി സഹായത്തോടെ പൊലീസ് പ്രതിയെ പിടികൂടി. ഉടനെ തന്നെ ഷിഫിന് അൽ ഐനിലെ ആശുപത്രിയിൽ എത്തിച്ച് വിദഗ്ദ ചികിത്സ നൽകിയിരുന്നെങ്കിലും തലക്ക് കാര്യമായ പരിക്കേറ്റിരുന്നു.
മകന്റെ ദാരുണ അപകടത്തിന്റെ വിവരമറിഞ്ഞ പിതാവ് സൗദിയിലെ ജോലിയും വിട്ട് അൽഐനിലെ ആശുപത്രിയിൽ എത്തി. രണ്ടാഴ്ച്ചത്തെ ചികിത്സക്ക് ശേഷം അൽഐനിലെ ഗവൺമെന്റ് ആശുപത്രിയിൽനിന്ന് അൽഐനിലെ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അരുമ മകന്റെ കണ്ണോ കാലോ ഒന്നിളകുന്നത് കാണാൻ പിതാവ് ഒന്നര വർഷത്തോളം വെന്റിലേറ്ററിന് പുറത്ത് കാവലിരുന്നു. തലച്ചോറിനേറ്റ പരിക്ക് മൂലം ഈ യുവാവിന്റെ പത്തോളം അവയവങ്ങൾക്ക് പ്രവർത്തനക്ഷമത നഷ്ടപ്പെട്ടതായി വൈദ്യശാസ്ത്രം വിധിയെഴുതി. ഇതോടെ അബൂദബിയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. പ്രിയപ്പെട്ടവരുടെ പ്രാർഥനയും യു.എ.ഇയിലെ ചികിത്സയുടെയും ഫലമെന്നോണം ഷിഫിൻ ശിരസ്സ് ഇളക്കാൻ തുടങ്ങി. ഇതോടെ തുടർ ചികിത്സക്ക് നാട്ടിലേക്ക് കൊണ്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.
വാഹനാപകടത്തിൽ അഞ്ച് മില്യൺ ദിർഹം നഷ്ട പരിഹാരം ലഭിക്കുന്ന യു.എ.ഇയിലെ രണ്ടാമത്തെ കേസാണിത്. രണ്ടു റെക്കോർഡ് നേട്ടങ്ങൾ നേടിയെടുത്തതും ഷാർജ കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സാണ്. ഷിഫിന്റെ കേസ് സീനിയർ കൺസൾട്ടന്റ് ഈസാ അനീസ്, അഡ്വക്കേറ്റ് യു.സി. അബ്ദുല്ല, അഡ്വക്കേറ്റ് മുഹമ്മദ് ഫാസിൽ എന്നിവരാണ് ഏറ്റെടുത്തത്.