പ്ലാസ്റ്റിക് ഗ്ലാസുകളുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നമാണ് പേപ്പര്‍ കപ്പുകളിലേക്ക് തിരിയാന്‍ നമ്മെ പ്രേരിപ്പിച്ചത്. പുറത്തുപോകുമ്പോൾ എല്ലായിടത്തും പേപ്പര്‍ കപ്പിലാണ് ചൂടുചായയും കാപ്പിയുമെല്ലാം കിട്ടുന്നത്. മാത്രമല്ല സദ്യകളിലും പേപ്പർ കപ്പിലാണ് പായസവും തരുന്നത്. അങ്ങനെ മൊത്തത്തിൽ പേപ്പർ കപ്പ് വിട്ടൊരു കളിയില്ല എന്ന സ്ഥിതി വന്നിരിക്കുന്നു. പൊതുവെ പേപ്പർ കപ്പുകൾ എല്ലാവർക്കും പ്രിയങ്കരമായവൻ പ്രധാന കാരണം വിലക്കുറവും ഡിസ്‌പോസ് ചെയ്യാനുള്ള സൗകര്യവുമാണ്. പ്ലാസ്റ്റിക്കിന്റെ അപകടം ഇതില്‍ നിന്നില്ലെന്ന സമാധാനത്തിലാണ്. എല്ലാവരും പേപ്പർ കപ്പിലേക്കും പേപ്പർ പ്ലെയ്റ്റിലേക്കും തിരിഞ്ഞത്.
എന്നാല്‍ സുരക്ഷിതമാണ് എന്ന് കരുതുന്ന പേപ്പര്‍ കപ്പുകളും അത്ര സുരക്ഷിതമല്ല. ചൂടുള്ള ദ്രാവകങ്ങള്‍ ഒഴിക്കുമ്പോള്‍ അലിഞ്ഞുപോകാതിരിക്കാനും കുതിരുമ്പോള്‍ പേപ്പറിലെ രാസവസ്തുക്കള്‍ പാനീയങ്ങളില്‍ കലരാതിരിക്കാനുമായി പോളി എത്ത്‌ലീന്‍, പാരഫീന്‍ തുടങ്ങിയവ; പേപ്പര്‍ കപ്പുകളില്‍ ആവരണമായി സ്‌പ്രേ ചെയ്യുന്നുണ്ട്. മാത്രമല്ല കപ്പുകള്‍ പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാന്‍ പുറത്തും ഇത് സ്‌പ്രേ ചെയ്യും. ചുരുക്കത്തിൽ കപ്പിന്റെ അകത്തും പുറത്തും ഇത്തരം ആവരണം ഉണ്ട്. പേപ്പർ കപ്പിന്റെ നിരന്തരമായ ഉപയോഗത്തിലൂടെ വയറിലെത്തുന്ന ഇത്തരം രാസവസ്തുക്കള്‍ പലതരം ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നു.
ചൂടുള്ള വെള്ളമോ ചായയോ പേപ്പർ കപ്പിൽ ഒഴിക്കുമ്പോൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്ന മൈകോപ്ലാസ്റ്റിക്കുകള്‍ ലയിച്ച് നമ്മുടെ ശരീരത്തില്‍ എത്തുന്നു. ഇതുമൂലം പലതരം ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുന്നു. വയറുവേദന, വയറ്റില്‍ ഗ്യാസ്, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, അലര്‍ജി, ജലദോഷം, തുമ്മല്‍, ശ്വാസംമുട്ടല്‍, ഹോർമോൺ പ്രശ്നങ്ങൾ തുടങ്ങി എണ്ണിയാൽ ഒതുങ്ങാത്ത ആരോഗ്യപ്രശ്നങ്ങളാണ് കാത്തിരിക്കുന്നത്.
ഇതിന് പരിഹാരം ഇവയുടെ ഉപയോഗം കഴിവതും കുറയ്ക്കുകയെന്നതാണ്. പ്രത്യേകിച്ചും പേപ്പർ കപ്പുകളിൽ ചൂടുള്ളവ ഒരു കാരണവശാലും എടുക്കരുത്. കഴിവതും ഗ്ലാസ്, സ്റ്റീൽ ഗ്ലാസ് എന്നിവ ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. കൂടാതെ ചൂടുള്ള പാനീയങ്ങൾ പേപ്പർ കപ്പുകളിലാക്കി കുട്ടികൾക്ക് നൽകുന്ന ശീലവും ഒഴിവാക്കണം.
STORY HIGHLIGHT: Dangers of using paper cup