തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസുമായി നടത്തിയ കൂടിക്കാഴ്ചയോട് പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അജിത് കുമാർ എന്തിനു ആർഎസ്എസ് നേതാക്കളെ കണ്ടുവെന്നത് പരിശോധിക്കേണ്ടതാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. അന്വേഷണം ആഭ്യന്തര വകുപ്പ് നടത്തുന്നുണ്ട്. തെറ്റുകാരനാണെങ്കിൽ ശക്തമായ നടപടിയെടുക്കും. സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. എൽഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൺവീനർ.
എഡിജിപി-ആർഎസ്എസ് കൂടികാഴ്ചയിൽ പ്രശ്നമില്ല. എഡിജിപി എന്താണ് ചർച്ച ചെയ്തതെന്ന് പരിശോധിക്കണമെന്നും അൻവറിന്റെ പരാതികൾ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പ് ഇതിനോടകം നടപടികൾ തുടങ്ങിക്കഴിഞ്ഞു. വിഷയത്തിൽ സർക്കാറിന്റേത് ഉചിതമായ നിലപാടാണ്. തെറ്റ് ചെയ്താൽ സംരക്ഷിക്കില്ല. കടുത്ത നടപടിക്ക് വിധേയമാക്കും.
സ്പീക്കർ സ്വതന്ത്ര പദവിയാണ്. എന്തു പറയണം, എന്ത് പറയേണ്ട എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. ഫോൺ ചോർത്താൽ ആര് ചെയ്താലും തെറ്റാണ്. അൻവർ നേരെത്തെ നൽകിയ പരാതിയിൽ ശശി ഇല്ല. എല്ലാ ദിവസവും ആരോപണം ഉന്നയിക്കൽ ആണോ. അത് നല്ല ലക്ഷണം അല്ലെന്നും ടിപി രാമകൃഷ്ണൻ പ്രതികരിച്ചു. വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് വിഷയം എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്തു. വയനാട് പുനരധിവാസത്തിൽ സർക്കാർ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും രാമകൃഷ്ണൻ പറഞ്ഞു.
ജാവദേക്കറെ കണ്ടതിനല്ല ഇ.പി ജയരാജനെ സ്ഥാനത്തുനിന്ന് മാറ്റിയതെന്നും അത് തികച്ചും സംഘടനാപരമായ തീരുമാനമാണെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. അതേസമയം ആർഎസ്എസുമായി ബന്ധപ്പെട്ട സ്പീക്കറുടെ പ്രസ്താവനയോട് അദ്ദേഹം കാര്യമായ പ്രതികരണത്തിന് തയാറായില്ല. ആർഎസ്എസ് പ്രധാന സംഘടനയാണോ എന്ന ചോദ്യത്തിന് തന്നെക്കൊണ്ട് പറയിക്കരുത് എന്നാണ് അദ്ദേഹം മറുപടി നൽകിയത്. ഫോൺ ചോർത്തൽ അംഗീകരിക്കാൻ കഴിയില്ലെന്നും അത് ആര് ചെയ്താലും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ടി.പി.രാമകൃഷ്ണന്‍ മുന്നണി കണ്‍വീനറായ ശേഷം ആദ്യ എല്‍ഡിഎഫ് യോഗമാണ് ഇന്ന് നടന്നത്. സര്‍ക്കാരിന്റെ വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ എല്‍ഡിഎഫ് അഭിനന്ദനം അറിയിച്ചതായും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. സപ്ലൈകോയില്‍ സാധനങ്ങളില്ലെന്ന പ്രചാരണം ഉണ്ടായിരുന്ന ആ നില മാറിയിട്ടുണ്ട്. എത്ര സാധനംവേണമെങ്കിലും ഇപ്പോള്‍ അവിടെയുണ്ട്. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന പ്രവര്‍ത്തനങ്ങളേയും ശക്തിപ്പെടുത്തി മുന്നോട്ട് പോകണമെന്നാണ് എല്‍ഡിഎഫ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.